
സംഘടനാ നേതാക്കൾക്കും തിരഞ്ഞെടുപ്പ് ചുമതല
ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്ന ചില സർവീസ് സംഘടനാ നേതാക്കൾ ഇക്കുറി തിരഞ്ഞെടുപ്പ് ഡ്യൂട്ടി കിട്ടിയതോടെ അങ്കലാപ്പിലാണ്. ഡ്യൂട്ടി കഴിഞ്ഞ് പോളിംഗ് ബൂത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ എതിരാളികളുടെ 'സ്വീകരണ'ത്തിൽ കുടുങ്ങുമോ എന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം.
സംഘടനാരംഗത്ത് പ്രവർത്തിക്കുന്നവരെ തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്നൊഴിവാക്കുന്ന പതിവ് ഇത്തവണയുണ്ടായില്ല. ഒഴിവാക്കേണ്ടവരുടെ പട്ടികയിൽ രാഷ്ട്രീയ പ്രവർത്തകരെന്ന കോളം ഇല്ലായിരുന്നു. കഴിഞ്ഞ വർഷം വരെ ഉണ്ടായിരുന്ന ഓപ്ഷൻ ഇത്തവണ ഒഴിവാക്കിയതാണ് ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയായത്. എയ്ഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും അദ്ധ്യാപകർക്കാണ് ജോലിക്കൊപ്പം സംഘടനാ പ്രവർത്തനത്തിന് അനുമതിയുള്ളത്. പല സംഘടനാ നേതാക്കളും അവരവരുടെ പ്രദേശത്ത് പ്രചാരണ പ്രവർത്തനങ്ങളിൽ കഴിഞ്ഞ ദിവസം വരെ സജീവമായിരുന്നു. ചുമതല കിട്ടിയതോടെ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് എല്ലാവരും ഒഴിവായിട്ടുണ്ട്.
സർവ്വീസിലുള്ള ദമ്പതികളിൽ ഒരാളെ നിർബന്ധമായും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന സർക്കാർ ഉത്തരവും ജില്ലയിൽ അട്ടിമറിക്കപ്പെട്ടെന്ന് പരാതിയുണ്ട്. വിവാഹ സർട്ടിഫിക്കറ്റ്, ആധാർ രേഖകൾ തുടങ്ങിയവ സമർപ്പിച്ചിട്ടും പലരെയും ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. കൊച്ചു കുഞ്ഞുങ്ങളുള്ളവർക്ക് തിരഞ്ഞെടുപ്പ് ചുമതല തലവേദനയാവുകയാണ്.
അടവുകൾ പലവിധം
തലവേദന പിടിച്ച തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് ഒഴിവായിക്കിട്ടാൻ പതിനെട്ടടവും പയറ്റുന്ന ഉദ്യോഗസ്ഥരുണ്ട്. പകർച്ചവ്യാധി പിടിപ്പെട്ടതായി ഡോക്ടർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റാണ് ഇത്തരക്കാരുടെ സ്ഥിരം തുറുപ്പുചീട്ട്. അടുപ്പമുള്ള ഡോക്ടർമാരിൽ സ്വാധീനം ചെലുത്തി സർട്ടിഫിക്കറ്റ് വാങ്ങി സ്ഥിരമായി തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് ഒഴിവാകുന്ന വിദ്വാൻമാരുണ്ട്. സ്ഥാനാർത്ഥികൾ, മാരക രോഗം ബാധിച്ചവർ, ഭിന്നശേഷിക്കാരായ മക്കളുള്ള മാതാപിതാക്കൾ, പകർച്ചവ്യാധിയുള്ളവർ എന്നിവർക്കാണ് രേഖകൾ ഹാജരാക്കുന്ന പ്രകാരം ചുമതലകളിൽ നിന്ന് ഒഴിവാകാൻ സാധിക്കുക. വീട്ടിൽ ഒഴിവാക്കാനാവാത്ത ചടങ്ങുകൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ളവർ അത് ചൂണ്ടിക്കാട്ടി രേഖാമൂലം അപേക്ഷ സമർപ്പിക്കാറുണ്ട്.