
മാവേലിക്കര: തഴക്കര പഞ്ചായത്ത് വാർഡ് 15 വെട്ടിയാർ ഗവ.മുഹമ്മദൻസ് എൽ.പി.എസിലെ ബൂത്തിന് മുന്നിൽ സി.പി.എം, കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. അറുന്നൂറ്റിമംഗലം ശാലേം ഭവനിലെ അന്തേവാസികൾ വോട്ട് ചെയ്യാനെത്തിയപ്പോൾ വോട്ടർമാർ തനിയെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എൽ.ഡി.എഫ് പ്രവർത്തകർ ഇത് ചോദ്യം ചെയ്തു. വോട്ടർ പട്ടികയിൽ പേര് ഉണ്ടെങ്കിൽ വോട്ട് ചെയ്യാൻ അനുവദിക്കണമെന്നും യു.ഡി.എഫ് പ്രവർത്തകർ നിലപാടെടുത്തു. ഇതേത്തുടർന്നുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പൊലീസെത്തി പ്രവർത്തകരെ വിരട്ടിയോടിച്ചു. പിന്നീട് വീണ്ടും പ്രവർത്തകർ സംഘടിച്ചതോടെ ആംഡ് പൊലീസ് സ്ഥലത്തെത്തി. സ്ഥാനാർത്ഥികളുമായി ചർച്ച നടത്തി അന്തേവാസികളെ ഓരോരുത്തരായി വോട്ട് ചെയ്യിക്കാനും ശാരീരിക അസ്വാസ്ഥ്യം ഉള്ളവർക്ക് പോളിംഗ് ഓഫീസർമാർ സഹായം നൽകാനും തുടർന്ന് തീരുമാനിക്കുകയായിരുന്നു.