
ഹരിപ്പാട്: പാർട്ടി സെക്രട്ടറിയുടെ മകനുൾപ്പടെ മയക്ക് മരുന്ന് കേസിലടക്കം ജയിലിൽ കിടക്കുമ്പോൾ പിണറായി സർക്കാർ ശരശയ്യയിലാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടു് കരുവാറ്റ വഴിയമ്പലം ജംഗ്ഷനിൽ നടന്ന യു ഡി എഫ് തിരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്ത് തുടങ്ങിയാൽ പിണറായി വിജയന്റെ നെഞ്ചിടിപ്പ് ഹരിപ്പാട് കേൾക്കാൻ പറ്റും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞത് കൊണ്ടാണ് പ്രതിപക്ഷ നേതാവിനെതിരെ കള്ളക്കേസെടുത്തതെന്നും പ്രേമചന്ദ്രൻ പറഞ്ഞു. സലിം ഖാൻ അദ്ധ്വക്ഷത വഹിച്ചു. ബി.രാജശേഖരൻ, എം.ആർ ഹരികുമാർ ,അനിൽ ബി.കളത്തിൽ, കെ.കെ.സുരേന്ദ്രനാഥ്, പത്മനാഭ കുറുപ്പ് ,ഷജിത് ഷാജി, നൗഷാദ്, ആർ.മോഹനൻ പിള്ള, കെ.ഹരിദാസ്, കെ.ആർ രാജൻ, ജോസഫ് പരുവക്കാടൻ എന്നിവർ സംസാരിച്ചു.