s

ദുരന്ത നിവാരണ സേന രംഗത്ത്


ആലപ്പുഴ: ബുറെവി ചുഴലിക്കാറ്റിന്റെ ഭാഗമായി ശക്തമായ കാറ്റോടു കൂടിയ മഴയ്ക്കും കടൽക്ഷോഭത്തിനും സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് കനത്ത ജാഗ്രതയിൽ ജില്ല. കേന്ദ്ര ദുരന്തനിവാരണ സേനയിലെ 17 പേരടങ്ങുന്ന സംഘം ജില്ലയിലെത്തി. കടൽക്ഷോഭ സാദ്ധ്യതയുള്ള കാർത്തികപ്പള്ളി, വലിയഴീക്കൽ, ആറാട്ടുപുഴ മേഖലകൾ സന്ദർശിച്ച സംഘം സ്ഥിതിഗതികൾ വിലയിരുത്തി.

ജില്ലയിലെ ഹൗസ് ബോട്ട് സർവീസുകൾ അഞ്ച് വരെ വൈകിട്ട് നാലു മുതൽ രാവിലെ എട്ടു വരെ തീരത്തോടു ചേർത്ത് നിറുത്താനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും നിർദ്ദേശം നൽകി. ശിക്കാര വള്ളങ്ങളിലുള്ള യാത്ര അഞ്ചു വരെ പൂർണ്ണമായും തടഞ്ഞു. ശക്തമായ കാറ്റും മഴയുമുള്ള സമയങ്ങളിൽ ചെറുതും വലുതുമായ വള്ളങ്ങളിലുള്ള കായൽ യാത്ര നിരോധിച്ചു. നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ജില്ലാ പോർട്ട് ഓഫീസർ, ഡി.ടി.പി.സി സെക്രട്ടറി എന്നിവർ ഉറപ്പുവരുത്തും.

മത്സ്യ ബന്ധനത്തിന് പൂർണ നിരോധനം ഏർപ്പെടുത്തി. കടലിൽ പോയവർ ഏറ്റവും അടുത്ത സുരക്ഷിത തീരങ്ങളിൽ എത്താൻ നേരത്തെ നിർദ്ദേശിച്ചിരുന്നു. മടങ്ങിയെത്താതെ ആരെങ്കിലും ഉണ്ടെങ്കിൽ വിവരം അടിയന്തിരമായി ജില്ലാ കൺട്രോൾ റൂമിൽ അറിയിക്കണം. (1077, 0477 2238630, 04772236831). കടൽത്തീരത്തെ വള്ളങ്ങളും മത്സ്യ ബന്ധന ഉപകരണങ്ങളും സുരക്ഷിത ദൂരത്തേക്ക് മാറ്റണം. ഫിഷറീസ്, മത്സ്യഫെഡ്, കോസ്റ്റൽ പൊലീസ്, ഫയർ ഫോഴ്‌സ്, പോർട്ട്, റവന്യു, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകൾക്കാണ് ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല. മുന്നൊരുക്കങ്ങളുടെ ഭാഗമായി നടന്ന അവലോകന യോഗത്തിൽ ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ കൂടിയ കളക്ടർ എ.അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ 418 ക്യാമ്പുകൾ കണ്ടെത്തിയിട്ടുണ്ട്.

വെള്ളപ്പൊക്ക ഭീഷണിയും

വെള്ളപ്പൊക്ക ഭീഷണി ഉള്ളതിനാൽ പമ്പ നദീതീരത്തുള്ളവരും ചമ്പക്കുളം, അമ്പലപ്പുഴ, ഹരിപ്പാട്, മാവേലിക്കര, ഭരണിക്കാവ്, ചെങ്ങന്നൂർ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലർത്തണം. ഈ പ്രദേശങ്ങളിൽ കൊവിഡ് ബാധിതരായി വീടുകളിൽ കഴിയുന്നവരുടേയും നിരീക്ഷണത്തിൽ കഴിയുന്നവരുടേയും വിവരങ്ങൾ പഞ്ചായത്ത് തലത്തിൽ തയ്യാറാക്കി ഇവരെ മാറ്റിപ്പാർപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറെ (ആരോഗ്യം) ചുമതലപ്പെടുത്തി.

കൺട്രോൾ റൂമുകൾ

പൊതുസ്ഥലങ്ങളിൽ അപകടഭീഷണിയുള്ള വലിയ ബോർഡുകൾ അടിയന്തര പ്രാധാന്യത്തോടെ നീക്കം ചെയ്യണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ഇ.ബി, ഇറിഗേഷൻ മെജർ-മൈനർ, ഫിഷറീസ് എന്നീ വകുപ്പുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കും.

ഫോൺ നമ്പറുകൾ

കെ.എസ്.ഇ.ബി ഹരിപ്പാട് - 9496008509, ആലപ്പുഴ - 9496008419. ഇറിഗേഷൻ (മേജർ)- 9447264088, മൈനർ- 9961588821, ഫിഷറീസ് - 0477 2251103. ജില്ലയിൽ എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമുകൾ ആരംഭിച്ചു.