
ആലപ്പുഴ: 'സ്കൂളില്ലാത്തതു കൊണ്ട് കുട്ടിക്ക് തീരെ വായനയില്ല മാഷേ...',ആറാം ക്ലാസുകാരി ദേവേന്ദുവിന്റെ അച്ഛന്റെ പരാതികേട്ട് ചേർത്തല പാണാവള്ളി ഓടമ്പള്ളി ഗവ. യു.പി സ്കൂളിലെ ഹെഡ്മാസ്റ്റർ എൻ.സി.വിജയകുമാർ കുട്ടിയെ ഫോണിൽ വിളിച്ചു. കുട്ടിയുടെ ആ 'വലിയ' മറുപടി മാഷിനെ ചിന്തിപ്പിച്ചു. 'മാഷേ, ഞാൻ വായിക്കുന്നത് കേൾക്കാൻ ആരുമില്ല, സ്കൂളിലാണെങ്കിൽ ടീച്ചർമാരും കൂട്ടുകാരുമെല്ലാം കേൾക്കുമായിരുന്നു.'ദേവേന്ദുവിന്റെ മറുപടിയിലൂടെ ഹെഡ്മാസ്റ്റർ എത്തിച്ചേർന്നത് വാട്സാപ്പ് റേഡിയോ എന്ന ആശയത്തിലേക്ക്. ഓടമ്പള്ളി സ്കൂളിലെ കുട്ടികൾക്ക് പാഠഭാഗങ്ങൾ പ്രിയപ്പെട്ടതാക്കാൻ അതേ പാഠങ്ങളുടെ രചയിതാക്കൾ ശബ്ദമായി അവരിലേയ്ക്കെത്തുന്ന തരത്തിൽ സ്കൂൾ റേഡിയോയുടെ പ്രവർത്തനം വളർന്നു. എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിലുള്ള ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിലെ അഡോപ്റ്റ് എന്ന ഗവേഷണ പദ്ധതിയിലെ പ്രധാന ഗവേഷണ വിഷയങ്ങളിലൊന്നായി ഓടമ്പള്ളിലെ വാട്സാപ്പ് റേഡിയോ. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷൻ ഡോക്യുമെന്ററി വിഷയമായി തിരഞ്ഞെടുത്തതും ഇതേ കുട്ടി റേഡിയോ .ദിവസവും രാത്രി 7 മുതൽ 7.30 വരെയാണ് പ്രക്ഷേപണം. പൊതുജനങ്ങളുൾപ്പെടെ അടങ്ങുന്ന നാല് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയാണിത്.
പ്രവർത്തന രീതി
 വിദ്യാർത്ഥികൾ പഠന പ്രവർത്തനങ്ങൾ (കഥ വായന, പദ്യപാരായണം, കവിതാരചന, ആങ്കറിംഗ്) ക്ലാസ് ടീച്ചർക്ക് വാട്സാപ്പിലൂടെ അയയ്ക്കുന്നു
 ഈ ഓഡിയോ ഹെഡ്മാസ്റ്ററും അദ്ധ്യാപകരുമടങ്ങുന്ന ഡിസ്കഷൻ ഗ്രൂപ്പിലേക്ക്.
 തിരഞ്ഞെടുക്കുന്ന ഓഡിയോകൾ സ്ക്രൂട്ടിണി പ്ലാറ്റ്ഫോമെന്ന അടുത്ത ഗ്രൂപ്പിലിട്ട് കുറ്റമറ്റതാക്കുന്നു.
ഒടുവിൽ റേഡിയോ ഗ്രൂപ്പിൽ
പരിപാടികൾ:
പ്രൊഫ. സുശീല മാർഷലിന്റെ നന്മമൊഴികൾ, കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടുന്ന പാട്ടു പെട്ടി, രചയിതാക്കൾ ഉൾപ്പെടുന്ന കഥപ്പെട്ടി. അവതരിപ്പിക്കേണ്ട കുട്ടികളുടെ പട്ടിക മുൻകൂട്ടി തയ്യാറാക്കും
തങ്ങളുടെ വായനയ്ക്ക് മറ്റുള്ളവർ കാതോർക്കുന്നത് കുട്ടികളിൽ ആത്മവിശ്വാസം ഉയർത്തും ".
-എൻ.സി.വിജയകുമാർ,
ഹെഡ് മാസ്റ്റർ