photo

ചേർത്തല: തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ തനിക്കു ലഭിച്ച ചിഹ്നമായ ചെണ്ടയും തോളിൽ തൂക്കി താളമിട്ട് വീടുകയറി വോട്ടു ചോദിക്കുമ്പോൾ, അതൊരു 'റിബൽ സ്വര'മാണോ എന്നു സംശയിക്കുന്നവരോട് വിശദീകരിക്കാൻ ഏറെയുണ്ട് രാജൻപിള്ളയ്ക്ക്. പതിറ്റാണ്ടുകളായി പ്രവർത്തന രംഗത്തുള്ള തന്നെ, വലന്തലയും ഇടന്തലയും പൊട്ടിയ ചെണ്ടകണക്കെ പാർട്ടി നേതൃത്വം വഴിവക്കിൽ ഉപേക്ഷിച്ചപ്പോൾ മനംനൊന്താണ് രംഗത്തിറങ്ങിയതെന്ന് രാജൻപിള്ള പറയുന്നു.

കടക്കരപ്പള്ളി ഏഴാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയാണ്, ദീർഘകാലം കോൺഗ്രസ് വയലാർ ബ്ലോക്ക് ജനറൽ സെക്രട്ടറിയും ഡി.സി.സി അംഗവുമായിരുന്ന കടക്കരപ്പള്ളി പുത്തൻവെളി (രാജ് ഭവൻ) വീട്ടിൽ രാജൻ പിള്ള. ജനറൽ വാർഡിൽ സ്ത്രീകൾക്ക് സ്ഥാർത്ഥിത്വം നൽകരുതെന്ന പാർട്ടി നിർദ്ദേശം മറികടന്ന് ഏഴാം വാർഡിലെ പ്രാദേശിക നേതൃത്വം നിലവിലെ വനിതാ അംഗം എൽ. മിനിയെ വീണ്ടും സ്ഥാനാർത്ഥിയാക്കിയതാണ് രാജൻപിള്ളയെ നിരാശനാക്കിയത്. നേതൃത്വത്തിലെ ചിലരുടെ വ്യക്തി താത്പര്യമാണ് ദീർഘകാലമായി കോൺഗ്രസ് പ്രവർത്തകനായ തന്നെ ഒഴിവായിതിന് പിന്നിലെന്ന് രാജൻ പിള്ള പറയുന്നു. മാസങ്ങൾക്ക് മുമ്പ് തന്നെ വാർഡിൽ രാജൻപിള്ളയുടെ പേരാണ് ഉയർന്നു കേട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ഇദ്ദേഹം നടത്തിയിരുന്നു.എന്നാൽ സ്ഥാനാർത്ഥി നിർണയത്തിന്റെ അവസാന ഘട്ടത്തിൽ പട്ടികയിൽ നിന്ന് പുറത്തായി. 2015ൽ എൽ.ഡി.എഫ് കോട്ടയിൽ മത്സരിച്ച രാജൻപിള്ളയ്ക്ക് പാർട്ടിയിൽ നിന്നുതന്നെ റിബൽ പാര ഉണ്ടായിരുന്നു. നേരിയ വോട്ടുകളുടെ വ്യത്യാസത്തിൽ തോൽവി. തനിക്കെതിരെ ബോധപൂർവ്വം നടക്കുന്ന നീക്കങ്ങളോടുള്ള പ്രതിഷേധം കൂടിയാണ് സ്ഥാനാർത്ഥിത്വമെന്ന് രാജൻപിള്ള പറയുന്നു.

ചെണ്ട കെട്ടിൽ വൈദഗ്ദ്ധ്യം ഇല്ലെങ്കിലും മകൻ വിഷ്ണുരാജ് ചെണ്ടയിൽ പരിശീലനം നേടിയിട്ടുണ്ട്. വീട്ടിൽ ചെണ്ടയുള്ളതിനാലാണ് അതുതന്നെ ചിഹ്നമായി സ്വീകരിക്കാനുള്ള കാരണം.