മാവേലിക്കര: താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിൽ നടന്ന നിക്ഷേപ തട്ടിപ്പിൽ ഇരകളായവർ രൂപം നൽകിയ നിക്ഷേപക കൂട്ടായ്മ അംഗങ്ങൾ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് വോട്ട് ചെയ്യുമെന്ന് വനിത അംഗങ്ങളായ രമ.എസ്, മധുബാല, ശ്രീലത.കെ, പ്രഭാ ബാബു, അജിത.എസ് എന്നിവർ അറിയിച്ചു. നാല് വർഷം പിന്നിട്ടിട്ടും അന്വേഷണം പൂർത്തിയാക്കാത്തതിന് പിന്നിൽ രാഷ്ടീയ ഇടപെടൽ ഉണ്ടെന്നും പുതുതായി ഭരണമേറ്റ ബാങ്ക് ഭരണസമിതി നിക്ഷേപകരുടെ പണം മടക്കി നൽകുന്നതിൽ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇവർ ആരോപിച്ചു. ഒരു രാഷ്ട്രീയ കക്ഷിയിലും വിശ്വാസമില്ലാത്ത അവസ്ഥ ഉണ്ടായിരിക്കുകയാണ്. അതിനാൽ കൂട്ടായ്മയിലെ അംഗങ്ങളുടെ വോട്ടിന് ഒരു രാഷ്ട്രീയ കക്ഷിക്കും അർഹതയില്ല.
കൂട്ടായ്മയിൽ അംഗങ്ങളായ നാനൂറോളം പേർ നോട്ടയ്ക്ക് വോട്ടു രേഖപെടുത്താൻ ഏകകണ്ഠമായി തീരുമാനിച്ചിരിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.