അമ്പലപ്പുഴ: പുന്നപ്രയിൽ പശുവിനെ മോഷ്ടിച്ചു കൊണ്ടുപോയി ഇറച്ചിയാക്കി വിറ്റ സംഭവത്തിൽ മൂന്നു പ്രതികളെക്കൂടി പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തു. കാക്കാഴം കമ്പിവളപ്പിൽ അനീഷ് (30) , ആലപ്പുഴ വെള്ളക്കിണർ തപാൽ പറമ്പിൽ കബീർ (52) , കാക്കാഴം പുതുവൽ വീട്ടിൽ ഹാരിസ് (35) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.സംഭവത്തിൽ വഴിച്ചേരി ചാവടി വീട്ടിൽ നിന്ന് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ വാടകയ്ക്കു താമസിക്കുന്ന സിദ്ദിഖ് , ഇയാളുടെ സുഹൃത്തുക്കളായ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പുതുവൽ വീട്ടിൽ അൻസിൽ , കാക്കാഴം കമ്പിവളപ്പിൽ ദേവൻ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഒരാഴ്ച മുമ്പ് പുലർച്ചെയാണ് പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് പത്തിൽച്ചിറ വീട്ടിൽ കുഞ്ഞുമോൻ്റെ നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്ന് ജേഴ്‌സി ഇനത്തിൽപ്പെട്ട എട്ടു മാസം ചെനയുള്ള പശുവിനെ മോഷ്ടിച്ച് അനീഷിൻ്റെ പുറക്കാടുള്ള ഇറച്ചിവെട്ടു കേന്ദ്രത്തിലെത്തിച്ച് ഇറച്ചിയാക്കി വിറ്റത്.