ph

കായംകുളം: കോൺഗ്രസ് നേതാവും കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയും എസ്.എൻ.ട്രസ്റ്റ് മെമ്പറും കായംകുളം നഗരസഭാ മുൻ ചെയർമാനുമായ അഡ്വ. സി.ആർ. ജയപ്രകാശിന് (72) നാടിന്റെ അന്ത്യാഞ്ജലി. നിലവിൽ എ.ഐ.സി.സി അംഗമായിരുന്നു.

കൊവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നില വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെ വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കാരം ഇന്നലെ വൈകിട്ട് നാലിന് കരീലക്കുളങ്ങര ചക്കാലയിൽ വീട്ടുവളപ്പിൽ നടന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും സജീവമായിരിക്കേ പനി ബാധിച്ചു. നവം.20ന് കൊവിഡ് സ്ഥിരീകരിച്ചു. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതോടെ കൊല്ലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് നെഗറ്റീവ് ആയെങ്കിലും ശ്വാസകോശവും ആന്തരികാവയവങ്ങളും തകരാറിലായതാണ് മരണകാരണം.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കൊല്ലത്തുനിന്നും മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കായംകുളത്തേക്ക് യാത്രതിരിച്ചു. കൃഷ്ണപുരത്തുനിന്നും വിലാപയാത്രയായി കായംകുളം കോൺഗ്രസ് ഓഫീസിൽ കൊണ്ടുവന്ന് പൊതുദർശനത്തിനു വച്ചു. തുടർന്നാണ് വീട്ടിലേക്ക് കൊണ്ടുപോയത്. അവിടെയും സി.ആറിനെ അവസാനമായി കാണാൻ നിരവധിപേർ കാത്തുനിന്നിരുന്നു. ഭാര്യ: റിട്ട. പ്രൊഫ. ബി. ഗിരിജ (നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജ് രസതന്ത്രവിഭാഗം മുൻ മേധാവി). മക്കൾ: ധനിക് പ്രകാശ്‌ (ഇംഗ്ലണ്ട്),ഡോ.ധന്യ പ്രകാശ്‌. മരുമക്കൾ: ഡോ.ജിഷ, ഡോ.ശരത് (മെഡി സിറ്റി കൊല്ലം).

കെ.എസ്.യുവിലൂടെ കോൺഗ്രസിൽ എത്തിയ ജയപ്രകാശ് കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ്, ഡി.സി.സി ജനറൽ സെക്രട്ടറി, ഡി.സി.സി പ്രസിഡന്റ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു.

രണ്ടുതവണ കായംകുളം നഗരസഭാ ചെയർമാനായിരുന്നു. അരൂർ, കായംകുളം നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടിയെങ്കിലും വിജയിക്കാനായില്ല. മികച്ച അഭിഭാഷകനും സഹകാരിയും ആയിരുന്നു.