കായംകുളം:ജനങ്ങൾ ആദരവോടെ നോക്കിക്കണ്ട കരുത്തുറ്റ നേതാവായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച അഡ്വ.സി.ആർ ജയപ്രകാശ്. സ്നേഹവും സൗമ്യതയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. കോൺഗ്രസുകാർക്കു മാത്രമല്ല എല്ലാവർക്കും പ്രിയപ്പെട്ട ജെ.പി ആയിരുന്നു അദ്ദേഹം.

എ.കെ ആന്റണിയും ഉമ്മൻചാണ്ടിയുമായുള്ള വലിയ സൗഹൃദം അദ്ദേഹത്തെ സംസ്ഥാന രാഷ്ടീയത്തിലും ശ്രദ്ധാ കേന്ദ്രമാക്കി. കെ.പി.സി.സി ജനറൽ സെക്രട്ടറി ആയിരുന്നപ്പോൾ തിരുവനന്തപുരം ജില്ലയുടെ ചുമതലയും ജയപ്രകാശിന് നൽകി. ആലപ്പുഴ ജില്ലയിലും എ ഗ്രൂപ്പിന് ശക്തമായ നേതൃത്വം നൽകി മുന്നിൽ നിന്നു.

നല്ലൊരു പ്രാസംഗികൻ കൂടിയായിരുന്ന ജയപ്രകാശ് കെ.എസ്.യു,യൂത്ത് കോൺഗ്രസ് പ്രവർത്തനത്തിലൂടെ പടിപടിയായാണ് നേതൃനിരയിൽ എത്തിയത്. 1989 ലും1998 ലും കായംകുളം നഗരസഭ ചെയർമാനാകുകയും നഗരത്തിൻെ വികസന പ്രവർത്തനങ്ങത്തിൽ വലിയ സംഭാവനകൾ നൽകുകയും ചെയ്തു. കായംകുളത്തുനിന്നും അരൂരിൽ നിന്നും രണ്ട് തവണ നിയമസഭയിലേയ്ക്ക് മൽസരിച്ചു.

കെ.പി.സി.സി ജനറൽ സെക്രട്ടറി, ഡി.സി.സി പ്രസിഡന്റ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ, കയർ ബോർഡ് ഡയറക്ടർ, ജില്ലാ ആസൂത്രണ സമിതി അംഗം, കാർത്തികപ്പള്ളി ഭൂപണയബാങ്ക് ഡയറക്ടർ ബോർഡ് അംഗം. മുതുകുളം ബ്ലോക്ക്‌ അഗ്രികൾച്ചർ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്‌, കായംകുളം ബാർ അസോസിയേഷൻ പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവർത്തിച്ചു.

കെ.എസ് .യു നേതാവായിരിക്കുമ്പോൾ വിദ്യാഭ്യാസരംഗത്തെ നിരവധി സമരങ്ങൾക്ക് നേതൃത്വം നല്കി. കയർ,മത്സ്യ മേഖലയിലെ തൊഴിലാളികൾ അനുഭവിച്ചു വന്ന പ്രശ്നങ്ങൾക്ക് സർക്കാർ തലത്തിൽ പരിഹാരം കാണാൻ ഡി.സി.സി അധ്യക്ഷൻ ആയിരിക്കുമ്പോൾ കഴിഞ്ഞു. ശുഭ്ര വസ്ത്രം ധരിച്ച് പുഞ്ചിരി വിരിയുന്ന മുഖവുമായി സദാസമയവും ഓടിനടന്ന് കോൺഗ്രസിനുവേണ്ടി പ്രവർത്തിച്ച ജയപ്രകാശ് ആർക്കും എപ്പോഴും സമീപിയ്ക്കാവുന്ന ജനകീയനായ കോൺഗ്രസ് നേതാവായിരുന്നു.