ആലപ്പുഴ : അയൽക്കൂട്ടങ്ങളിലൂടെ സ്ത്രീകളുടെ കൂട്ടായ്മക്ക് രൂപം കൊടുത്ത ആലപ്പുഴ, നിയമസാക്ഷരതാ പഠനരംഗത്തും സംസ്ഥാനത്തിന് മാതൃകയാകുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പൊതുവായ നിയമങ്ങളെകുറിച്ച് ബോധവത്കരണം നടത്താൻ ആലപ്പുഴ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി "ലീഡ്"എന്ന പേരിൽ നിർമ്മിച്ച വീഡിയോ പരമ്പരയുടെ ആദ്യ എപ്പിസോഡിന്റെ ചിത്രീകരണം പൂർത്തിയാക്കി. 18 മിനിട്ട് ദൈർഘ്യമുള്ള വീഡിയോയുടെ പ്രകാശനം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും ജില്ലാ ജഡ്ജുമായ എ.ബദറുദീൻ ഓൺലൈനായി നിർവഹിച്ചു.

ഗാർഹിക പീഡന നിരോധന നിയമത്തിൽ സ്ത്രീകൾക്കുള്ള സംരക്ഷണമാണ് ആദ്യവിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്ത്രീകൾ ഏറ്റവും അധികം പീഡിപ്പിക്കപ്പെടുന്നത് വീട്ടിലാണ്. നിയമ പരിരക്ഷയെപ്പറ്റി ആംഗ്യഭാഷയിലൂടെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 44 ബധിരമൂക വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇത് പ്രയോജനപ്പെടും.

അഡ്വക്കേറ്റ് അപർണ സി .മേനോൻ ഗാർഹിക പീഡന നിയമത്തെപ്പറ്റി നൽകിയ വാക്കുകൾ തലയോലപ്പറമ്പ് അസീസി സിസ്റ്റേഴ്‌സ് ഒഫ് മേരി ഇമ്മാക്കുലേറ്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഫോർ ഡഫ് സ്‌കൂളിന്റെ മുൻ പ്രിൻസിപ്പലും അദ്ധ്യാപികയുമായിരുന്ന സിസ്റ്റർ സ്മിതമേരിയാണ് ആംഗ്യഭാഷയിലൂടെ വാഖ്യാനിക്കുന്നത്. നിരവധി അന്തർദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ പ്രജിത് ആണ് ക്യാമറാമാൻ. അഡ്വ. ഷീബ രാകേഷ് ആണ് സ്ക്രിപ്റ്റ് തയ്യാറാക്കിയത് . പാരാ ലീഗൽ വോളണ്ടിയർ ബാബു ആന്റണി, സന്തോഷി റാണി സാഹ, കുട്ടികളായ അനശ്വർ രാകേഷ്, ഗായത്രി പ്രസാദ് എന്നിവരാണ് അഭിനയിച്ചത്.

"ഡി.പി.ഐയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഴുവൻ ബധിര,മൂക വിദ്യാലയങ്ങളിലും ആംഗ്യ ഭാഷയിൽ നിയമബോധം നൽകുന്ന വീഡിയോ ക്ളാസുകൾ എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തും. സംസ്ഥാനത്ത് ഇത്തരത്തിൽ ആദ്യമായിട്ടാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആംഗ്യ ഭാഷയിൽ നിയമബോധം നൽകുന്ന വീഡിയോ തയ്യാറക്കിയത്.

കെ.ജി. ഉണ്ണികൃഷ്ണൻ, സബ്ജജഡ്ജ്, ലീഡ് പരമ്പരയുടെ ഡയറക്ടർ