t

ആലപ്പുഴ: ഓർക്കാപ്പുറത്തെത്തി നാശം വിതച്ച സുനാമിക്കും ഓഖിക്കും ശേഷം വീണ്ടുമൊരു ഡിസംബർ തീരമേഖലയെ പട്ടിണിയിലാക്കുന്നു. കൊവിഡിനു ശേഷം ജീവിതം തിരികെപ്പിടിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ആശങ്കയാവും വിധം ബുറേവി രൂപം കൊണ്ടെങ്കിലും ഇവിടെങ്ങുമെത്താതെ ഇല്ലാതായത് ആശ്വാസമായി. എങ്കിലും മത്സ്യസമ്പത്തിലെ കുറവും ആത്മവിശ്വാസത്തോടെ കടലിൽ പോകാൻ കഴിയാത്തതുമാണ് തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നത്.

ലോക്ക്ഡൗണിന് ശേഷം മത്സ്യലഭ്യത കുറഞ്ഞതോടെ ജില്ലയിലെ കടലോരത്തെ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലാണ്. തുലാമഴ കുറവായിരുന്നതിനാൽ അയല ഉൾപ്പെടെയുള്ളവ ഉൾക്കടലിലേക്കു വലിയുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. തുലാമഴയിൽ കടൽ തണുക്കുമ്പോഴാണ് മീനുകളുടെ ലഭ്യത കൂടുന്നത്.

 ചെമ്മീനുമില്ല

നവംബറിൽ പോരായ്മ നികത്തിക്കൊണ്ട് കിട്ടിയിരുന്ന പൂവാലൻ ചെമ്മീനും കടൽച്ചൂടു കുറയാത്തതിനാൽ ഇക്കുറി ലഭിച്ചു തുടങ്ങിയിട്ടില്ല. പൂവാലൻ ചെമ്മീനിനു കിലോയ്ക്ക് 150-175 രൂപ വരെ ലഭിക്കുന്ന ഘട്ടത്തിലാണ് പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. ഓരോദിവസവും ഉൾക്കടലിലേക്കു കൂടുതൽ എത്തേണ്ട സ്ഥിതിയാണ് തൊഴിലാളികൾക്ക്. വലിയവള്ളങ്ങൾ സാധാരണ ഒന്നിടവിട്ട ദിവസങ്ങളിലാണ് കടലിലിറങ്ങിയിരുന്നത്. ഇപ്പോൾ രണ്ടുദിവസം കൂടുമ്പോഴാണ് ഈ വള്ളങ്ങൾ ഇറങ്ങുന്നത്.