
ആലപ്പുഴ: ബുറേവി ചുഴലിക്കാറ്റിന്റെ ഭാഗമായി ജില്ലയിൽ ശക്തമായ കാറ്റിനും അതിതീവ്ര മഴയ്ക്കുമുള്ള സാദ്ധ്യത മുന്നിൽ കണ്ട് പൊതുഗതാഗത സംവിധാനങ്ങളുടെ സുരക്ഷ ശക്തമാക്കുന്നതുൾപ്പടെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ജനങ്ങളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ഡ്യൂട്ടിക്കു തയാറാകുന്നതിന് കൂടുതൽ ജീവനക്കാരെ കെ.എസ്.ആർ.ടി.സി നിയോഗിച്ചിട്ടുണ്ട്. നൈറ്റ് ഡ്യൂട്ടി ജീവനക്കാരുടെ എണ്ണവും വർദ്ധിപ്പിച്ചു. വിളിച്ചാൽ ഉടൻ ഡിപ്പാകളിൽ എത്താൻ പാകത്തിന് കൂടുതൽ ഡ്രൈവർമാരുടെ നമ്പറുകളും എല്ലാ ഡിപ്പോകളിലും ശേഖരിച്ചിട്ടുണ്ട്.
വാഹനങ്ങളുടെ സുരക്ഷയാണ് മറ്റൊരു വെല്ലുവിളി. വലിയ മരങ്ങളുള്ള പ്രദേശത്ത് നിന്ന് മാറ്റി സുരക്ഷിത കേന്ദ്രങ്ങളിലാവും വാഹനങ്ങൾ നിർത്തിയിടുക. ജലഗതാഗത വകുപ്പിന് കീഴിലും അടിയന്തര ഘട്ടത്തിൽ നിയോഗിക്കപ്പെടുന്ന ടാസ്ക് ഫോഴ്സ് സുസജ്ജമാണ്. ജല ആംബുലൻസ് അടക്കം എല്ലാ സംവിധാനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. കാറ്റ് ശക്തമായാൽ പൊതു സർവീസ് നിർത്തിവെയ്ക്കുന്നടക്കമുള്ള നടപടികളിലേക്ക് കടക്കും. ജാഗ്രതാ നടപടികൾ കൈക്കൊള്ളുന്നതിനും തീരുമാനങ്ങൾ ചർച്ച ചെയ്യുന്നതിനുമായി പ്രത്യേക ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്.
അത്യാവശ്യത്തിന് വിളിച്ചാൽ എത്താൻ കഴിയുന്ന ഡ്രൈവർമാരുടെ നമ്പരുകൾ ശേഖരിച്ചിട്ടുണ്ട്. അധിക ജീവനക്കാരെ നിയോഗിച്ചിട്ടുമുണ്ട്. പരമാവധി സുരക്ഷിത സ്ഥാനങ്ങളിൽ ബസുകൾ പാർക്ക് ചെയ്യും
- അശോക് കുമാർ, എ.ടി.ഒ
ജില്ലയിൽ ഭയപ്പെടത്തക്ക സാഹചര്യമില്ലെന്നാണ് മനസിലാക്കുന്നത്. ഏത് അടിയന്തര ഘട്ടത്തെയും നേരിടുന്നതിന് ടാസ്ക് ഫോഴ്സും ജല ആംബുലൻസും സജ്ജമാണ്. അധിക ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്
- ഷാജി വി.നായർ, ജലഗതാഗത വകുപ്പ് ഡയറക്ടർ