ph

കായംകുളം :മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയും എസ്.എൻ.ട്രസ്റ്റ് മെമ്പറും കായംകുളം നഗരസഭ മുൻ ചെയർമാനുമായിരുന്ന അഡ്വ. സി ആർ ജയപ്രകാശിന് (72) നാടിന്റെ അന്ത്യാഞ്ജലി.

കൊവിഡ് 19 ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നില വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെ വഷളാകുകയും മരണം സംഭവിയ്ക്കുകയുമായിരുന്നു.കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കാര ചടങ്ങുകൾ ഇന്നലെ വൈകിട്ട് നാലിന് കരീലക്കുളങ്ങര ചക്കാലയിൽ വീട്ടുവളപ്പിൽ നടന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രചാരണത്തിലും സജീവമായിരുന്ന അദ്ദേഹത്തിന് പനി ബാധിച്ചു. ഇരുപതിന് നടത്തിയ പരിശോധനയിൽ കൊവിഡും സ്ഥിരീകരിച്ചു. രക്തത്തിൽ ഓക്സിജന്റെ അളവ് അപകടകരമാം വിധം കുറഞ്ഞതോടെ കൊല്ലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആയിരുന്നുവെങ്കിലും ശ്വാസകോശവും ആന്തരികാവയവങ്ങളും തകരാറിലായി മരണത്തിന് കീഴടങ്ങി.

കെ.എസ്.യുവിലൂടെ കോൺഗ്രസിൽ എത്തിയ ജയപ്രകാശ് കായംകുളം നിയോജക മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ഡി.സി.സി ജനറൽ സെക്രട്ടറി, ഡി.സി.സി പ്രസിഡന്റ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ എ.ഐ.സി.സി അംഗമായിരുന്നു.

രണ്ടു തവണ കായംകുളം നഗരസഭ ചെയർമാനായിരുന്നു. അരൂർ, കായംകുളം നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് കോൺഗ്രസ്സ് ടിക്കറ്റിൽ ജനവിധി തേടിയെങ്കിലും വിജയിക്കാനായില്ല. മികച്ച അഭിഭാഷകനും സഹകാരിയും ആയിരുന്ന ജയപ്രകാശ് ജില്ലയിലെ പാർട്ടിയുടെ സൗമ്യ മുഖം കൂടിയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കൊല്ലത്തുനിന്നും മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കായംകുളത്തേയ്ക്ക് യാത്രതിരിച്ചു. കൃഷ്ണപുരത്തുനിന്നും വിലാപയാത്രയായി കായംകുളം കോൺഗ്രസ് ഓഫീസിൽ എത്തി മൃതദേഹം പൊതുദർശനത്തിനു വെച്ചു. തുടർന്ന് വീട്ടിലേയ്ക്ക് കൊണ്ടുപോയി. അവിടെയും സി.ആറിനെ അവസാനമായി കാണാൻ നിരവധി പേർ കാത്തുനിന്നിരുന്നു. ഭാര്യ: റിട്ട. പ്രൊഫ. ബി. ഗിരിജ (നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളജ് രസതന്ത്രവിഭാഗം മുൻ മേധാവി). മക്കൾ: ധനിക് പ്രകാശ്‌ (ഇംഗ്ലണ്ട്),ഡോ.ധന്യ പ്രകാശ്‌. മരുമക്കൾ: ഡോ.ജിഷ, ഡോ.ശരത് (മെഡി സിറ്റി കൊല്ലം).