ആലപ്പുഴ: നഗരസഭ പാലസ് വാർഡിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് പോസ്റ്റൽ ബാലറ്റ് നൽകാനെത്തിയ ഉദ്യോഗസ്ഥരും യു.ഡി.എഫ് പ്രവർത്തകരും തമ്മിൽ തർക്കം.
കൊവിഡ് പോസിറ്റീവായ യുവതിക്കും ഇവരുമായി സമ്പർക്കമുള്ള ബന്ധുക്കൾക്കുമുള്ള ബാലറ്റുകളുമായാണ് പി.പി.ഇ കിറ്റ് ധരിച്ച ഉദ്യോഗസ്ഥർ ഇന്നലെ എത്തിയത്. യുവതിക്ക് ബാലറ്റ് നൽകിയ ശേഷം ബന്ധുക്കളെ തേടി വീടുകളിലെത്തിയെങ്കിലും ആരുമുണ്ടായിരുന്നില്ല. മറ്റൊരു ദിവസം ഇവർക്കുള്ള ബാലറ്റുമായി എത്താമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതോടെ സ്ഥലത്തുണ്ടായിരുന്ന യു.ഡി.എഫ് പ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തി. വീട്ടിലിരിക്കാത്ത ആളുകളെ എങ്ങനെ ക്വാറന്റൈൻ എന്ന ഗണത്തിൽപ്പെടുത്തുമെന്നായിരുന്നു പ്രവർത്തകരുടെ ചോദ്യം. വ്യക്തമായ മറുപടി നൽകാതെ ഉദ്യോഗസ്ഥർ മടങ്ങിയെന്നും യു.ഡി.എഫ് പ്രവർത്തകർ പറഞ്ഞു.