local-body-election

ആലപ്പുഴ: ജില്ലാ പഞ്ചായത്തിലെ 23 ഡിവിഷനുകളിൽ ഏഴെണ്ണമൊഴികെയുള്ളവ ഇടതുപക്ഷത്തിന്റെ കൈപ്പിടിയിലായതിനാൽ ഇത്തവണയും ഇടതു മുൻതൂക്കമാണ് ആലപ്പുഴ പ്രവചിക്കുന്നത്. അദ്ധ്യക്ഷസ്ഥാനം വനിതാസംവരണമാണ്. എന്തു വിലകൊടുത്തും ജില്ലാ പഞ്ചായത്ത് പിടിക്കാനുള്ള ബദ്ധപ്പാടിലാണ് യു.ഡി.എഫ്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കരുത്തുകാട്ടാൻ എൻ.ഡി.എയും രംഗത്തുണ്ട്.

ആറ് നഗരസഭകളിൽ കായംകുളം, മാവേലിക്കര ഒഴികെയുള്ളവ യു.ഡി.എഫിന്റെ കൈവശമാണ്. പക്ഷേ സ്ഥാനാർത്ഥി നിർണയത്തിലെ കൊച്ചുകൊച്ചു കാര്യങ്ങളും പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളും കാരണം ഇക്കുറി മാറ്റങ്ങൾക്ക് സാദ്ധ്യതയുണ്ട്.

ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റടക്കം ഏഴ് നേതാക്കൾ കൊവിഡ് നിരീക്ഷണത്തിലായത് യു.ഡി.എഫിൽ അപ്രതീക്ഷിത പ്രതിസന്ധിയായി. എങ്കിലും ഇവരുടെ അസാന്നിദ്ധ്യം പ്രകടമാവാത്തവിധം യു.ഡി.എഫ് നേതൃത്വം പ്രചാരണം മുന്നോട്ടു കൊണ്ടുപോവുന്നുണ്ട്. ജില്ലയിൽ ബി.ഡി.ജെ.എസിന്റെ പ്രകടനം നിർണായകമാവും. പാർട്ടിയുടെ തട്ടകം കൂടിയായ ആലപ്പുഴയിൽ പരമാവധി കരുത്ത് പ്രകടിപ്പിക്കാൻ നേതാക്കൾ ഒന്നടങ്കം രംഗത്തുണ്ട്.