
 കുട്ടൻചാൽ ദ്വീപുകാരുടെ വോട്ടുകൾ മൂന്നു പഞ്ചായത്തുകളിൽ
പൂച്ചാക്കൽ: കുട്ടൻചാൽ എന്ന കൊച്ചുദ്വീപിലുള്ള 164 കുടുംബങ്ങളിലെ 556 വോട്ടുകൾ പങ്കിട്ടെടുത്തിരിക്കുന്നത് മൂന്നു പഞ്ചായത്തുകൾ. സ്ഥാനാർത്ഥികളായ 31 പേരും ദ്വീപിനു പുറത്തുള്ളവർ. വോട്ട് ചെയ്യണമെങ്കിലോ, ദ്വീപിൽ നിന്നിറങ്ങി കിലോമീറ്ററുകൾ അകലെ അതത് പഞ്ചായത്ത് പരിധികളിലുള്ള ബൂത്തുകളിലെത്തണം.
തൈക്കാട്ടുശേരി കായലിനും വയലാർ കായലിനും ഇടയിലുള്ള ചെറു ദ്വീപാണിത്. മത്സ്യക്കൃഷിയും മത്സ്യ ബന്ധനവുമാണ് പ്രധാന ഉപജീവന മാർഗം. പള്ളിപ്പുറം, വയലാർ, തുറവൂർ എന്നീ മൂന്നു പഞ്ചായത്തുകളിലെ മൂന്നു വാർഡുകൾ ചേരുന്നതാണ് ദ്വീപ്. പള്ളിപ്പുറം ഒന്നാം വാർഡിലെ വോട്ടർമാരാണ് 458 പേർ. തുറവൂർ ഒൻപതാം വാർഡിലെ 69 വോട്ടും, വയലാർ രണ്ടാം വാർഡിലെ 29 വോട്ടും ദ്വീപിലേതാണ്. ദ്വീപിലെ വോട്ട് ആവശ്യമുള്ള രാഷ്ട്രീയക്കാർ, പക്ഷേ പ്രദേശവാസിയായ ഒരാളെപ്പോലും സ്ഥാനാർത്ഥി ആക്കിയിട്ടില്ല.
പള്ളിപ്പുറം പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന വോട്ടർമാർക്ക് ദ്വീപിൽ നിന്ന് നാലു കിലോമീറ്റർ അകലെയുള്ള പല്ലുവേലി സ്കൂളിലാണ് ബൂത്ത്. തുറവൂരിലെ വോട്ടർമാർ ഏഴു കിലോമീറ്റർ അകലെയുള്ള വളമംഗലം എൻ.എസ്.എസ് ഓഡിറ്റോറിയത്തിലും വയലാർ പഞ്ചായത്തിലെ വോട്ടർമാർ പന്ത്രണ്ടു കിലോമീറ്റർ ദൂരെയുള്ള വയലാർ ഗവ. സ്കൂളിലുമെത്തി വോട്ടു ചെയ്യണം. തൈക്കാട്ടുശേരി പോളേത്തോടിൽ നിന്നു കുട്ടൻചാലിലേക്ക് അഞ്ചു വർഷം മുമ്പ് നിർമ്മിച്ച പാലമാണ് പ്രധാന ഗതാഗത മാർഗ്ഗം.
കുട്ടൻചാലിൽ നിന്നു രണ്ടു കിലോമീറ്റർ ദൂരെ തൈക്കാട്ടുശേരി പഞ്ചായത്ത് ഓഫീസും, വില്ലേജ് ഓഫീസും കൃഷി ഓഫീസും ഉൾപ്പെടെയുള്ള സൗകര്യമുള്ളപ്പോഴാണ് കിലോമീറ്ററുകൾ അകലെ ബൂത്തൊരുക്കിയത്.
....................................
കുട്ടൻചാലിനെ തൈക്കാട്ടുശേരി പഞ്ചായത്തിന്റെ പരിധിയിലാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രകൃതി രമണീയമായ കുട്ടൻചാലിനെ കായൽ ടൂറിസത്തിന്റെ ഭാഗമാക്കിയാൽ വൻ വികസന സാദ്ധ്യതയുണ്ട്
(പൂജവെളിയിൽ രണദേവൻ, പതിയാമൂല ദിപു)