ആലപ്പുഴ : മുതിർന്ന കോൺഗ്രസ് നേതാവ് അഡ്വ.സി.ആർ.ജയപ്രകാശിന്റെ നിര്യാണത്തിൽ അഡ്വ.ടി.കെ.ശ്രീനാരായണദാസ് അനുശോചിച്ചു. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരേയും ഉൾക്കൊള്ളുന്ന സ്‌നേഹസ്വരൂപനായ ജയപ്രകാശ് സ്വഭാവമഹിമയുടെ വലിയ മാതൃകയായിരുന്നു. സമൂഹനന്മയ്ക്കുവേണ്ടി അദ്ദേഹം നിരന്തരം പ്രവർത്തിച്ചുകൊണ്ടേയിരുന്നു. തച്ചടി പ്രഭാകരന് ശേഷം കായംകുളത്തെ ഏറ്റവും തലയെടുപ്പുള്ള നേതാവായിരുന്നു ജയപ്രകാശ്. ശ്രീനാരായണദർശനത്തിന്റെ ചൈതന്യമുൾക്കൊണ്ട മഹോപാദ്ധ്യായ എൻ.രാഘവന്റെ മകൻ ആ മഹിത പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുകയായിരുന്നു. മതേതര മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുള്ള നിലപാടുകളാണ് എക്കാലവും ജയപ്രകാശ് സ്വീകരിച്ചതെന്ന് ശ്രീനാരായണദാസ് അനുസ്മരിച്ചു.