നഗരത്തിൽ പ്ളാസ്റ്റിക് നിരോധനത്തിന് ഒരു വയസാകുന്നു

ആലപ്പുഴ: നടപടിയെടുക്കൽ പേരിനു പോലുമില്ലാതായതോടെ ആലപ്പുഴ നഗരത്തിലെ പ്ലാസ്റ്റിക് നിരോധനം പാഴ് വാക്കായി മാറി. വഴിയോരക്കച്ചടവക്കാരും കടക്കാരും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ യഥേഷ്ടം ഉപയോഗിക്കുന്നു.

തിരഞ്ഞെടുപ്പ് കാലത്ത് നഗരസഭയിൽ നിന്നുള്ള പ്ലാസ്റ്റിക് ശേഖരണവും നിലച്ചതോടെ പ്ളാസ്റ്റിക് മാലിന്യം കുന്നുകൂടി. നഗരത്തിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നിട്ട് ജനുവരിയിൽ ഒരു വർഷം തികയും. കഴിഞ്ഞ ജനുവരി 1നു നിരോധനം പ്രാബല്യത്തിൽ വന്നപ്പോൾ തുണി സഞ്ചികളും പേപ്പർ ബാഗുകളുമെല്ലാം കടകളിൽ ഇടം പിടിച്ചിരുന്നതാണ്. ശിക്ഷാനടപടിയില്ലാതായതോടെ ഇവ കടകളിൽ നിന്നു നീങ്ങി. പകരം നിരോധിത പ്ളാസ്റ്റിക് കിറ്റുകൾ ഇടം പിടിച്ചു.

ഇപ്പോൾ ഉദ്യോഗസ്ഥരിൽ ഏറിയ പങ്കും തിരഞ്ഞെടുപ്പ് ചുമതലകളിലും തിരക്കിലുമായതോടെ പരിശോധനകളും മുടങ്ങി. കൊവിഡിന്റെ വരവോടെയാണ് പരിശോധനകളിൽ കുറവുണ്ടായത്.

പരിശോധന ഇല്ല

കഴിഞ്ഞ ജനുവരി മുതൽ ആലപ്പുഴ നഗരത്തിലെ കടകളിൽ നഗരസഭ സ്‌ക്വാഡ് എല്ലാ ദിവസവും പരിശോധന നടത്തിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കാലം ആയതിനാൽ ഇപ്പോൾപരിശോധന നിലച്ച മട്ടാണ്. ഹരിത കർമ്മസേന വഴി വീടുകളിൽ നിന്നുള്ള തരം തിരിച്ചുള്ള പ്ലാസ്റ്റിക് ശേഖരണം ആരംഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കാനുള്ള ചുമതല കളക്ടർ, സബ് ഡിവിഷണൽ മജിസ്ട്രേട്ട്, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ എന്നിവർക്കാണ്.

നിരോധനം ലംഘിച്ചാൽ പിഴ

ആദ്യ തവണ........₹ 10,000

രണ്ടാം തവണ.......₹ 25,000

വീണ്ടും ലംഘിച്ചാൽ.....₹ 50,000

പാഴ്‌സൽ വില്ലൻ

മിക്ക കടകളിലും ഭക്ഷണ സാധനങ്ങൾ പാഴ്സലാക്കുന്നതു ദോഷകരമായ പ്ലാസ്റ്റിക്കിലാണ്. തട്ടുകടകളാണ് ഇതിൽ മുന്നിൽ. വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനു വേണ്ടി പ്ലേറ്റിൽ ബട്ടർ പേപ്പർ വിരിക്കുന്നതും ചൂടേറിയ വിഭവങ്ങൾ അതേപടി പ്ലാസ്റ്റിക് കവറിലാക്കുന്നതും പതിവാണ്. ചുരുക്കം ഹോട്ടലുകൾ മാത്രമാണ് അലുമിനിയം ഫോയിലും മറ്റും ഉപയോഗിക്കുന്നത്.