s

ആലപ്പുഴ: വോട്ടർമാർ ക്വാറന്റൈനിലാണെന്ന് കാണിച്ച് സ്പെഷ്യൽ ബാലറ്റ് വോട്ട് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി വ്യാപക പരാതി. ഹോം ക്വാറന്റൈനിലാണെന്ന് കാണിച്ച് ബാലറ്റ് പേപ്പർ വീട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കാമെന്നാണ് പല വോട്ടർമാർക്കും ലഭിച്ചിരിക്കുന്ന വാഗ്ദാനം. വയോജനങ്ങളെയാണ് ഇത്തരത്തിൽ കൂടുതലായി സ്വാധീനിക്കുന്നത്.

കാഴ്ച പരിമിതരായ വോട്ടർമാരുടെ പേരിൽ വ്യാജ ക്വാറന്റൈൻ സർട്ടിഫിക്കറ്റ് വാങ്ങാനുള്ള ശ്രമവും നടക്കുന്നുണ്ട്. കൊവിഡ് രോഗിയുമായി സമ്പർക്കമുണ്ടായിട്ടുണ്ടെന്ന് കാണിച്ചാണ് ഇത്തരത്തിൽ ബാലറ്റ് പേപ്പർ ലഭിക്കാനുള്ള ശ്രമം നടക്കുന്നത്. വീടുകളിൽ നിരീക്ഷണത്തിലായതിനാൽ ബാലറ്റ് ആവശ്യപ്പെട്ടിരിക്കുന്ന എല്ലാ വോട്ടർമാരുടെയും പശ്ചാത്തലം അടിയന്തരമായി പരിശോധിക്കണമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്. ഇത് ചൂണ്ടിക്കാണ്ടി വിവിധ വാർഡുകളിലെ കമ്മിറ്റികൾ ജില്ലാ കളക്ടർക്ക് പരാതി നൽകും. ആരോഗ്യവകുപ്പ് നൽകിയ രോഗികളുടെ പട്ടികയിൽ കൊവിഡ് നെഗറ്റീവായവരുമുണ്ട്. നിരീക്ഷണ കാലാവധി അവസാനിച്ച് ജോലിക്ക് പോയിത്തുടങ്ങിയവർ വരെ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്..

അട്ടിമറി സാധ്യതയും

കഴിഞ്ഞദിവസം നഗരത്തിലെ ഒരു വാർഡിൽ രണ്ട് കൊവിഡ് രോഗികൾ വോട്ട് ചെയ്ത് ബാലറ്റ് പേപ്പർ കവറിലിടാതെയാണ് നൽകിയതെന്നും ഇത് അട്ടിമറിക്ക് അവസരമൊരുക്കുമെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഉദ്യോഗസ്ഥർ വീട്ടിലെത്തിക്കുന്ന ബാലറ്റ് പേപ്പർ സത്യപ്രസ്താവന ഒപ്പിട്ട് നൽകി കൈപ്പറ്റിയ ശേഷം രഹസ്യമായി വോട്ട് രേഖപ്പെടുത്തി കവറിലിട്ട് തിരിച്ച് നൽകണമെന്നാണ് ചട്ടം. എന്നാൽ ഇത്തരത്തിൽ കവറിലിടാതെ ബാലറ്റ് പേപ്പർ തുറന്ന് നൽകുന്നത് അട്ടിമറിസാധ്യത വർദ്ധിപ്പിക്കും. വോട്ട് അസാധുവാക്കുന്നതടക്കമുള്ള കാര്യങ്ങൾ നടന്നാലും കണ്ടുപിടിക്കാനാവില്ല.