ആലപ്പുഴ: ക്ഷേമപെൻഷൻ വിതരണത്തെച്ചൊല്ലി സി.പി.എം. പ്രവർത്തകരും ബി.ജെ.പി. പ്രവർത്തകരും തമ്മിൽ സഘർഷമുണ്ടായി. ആലപ്പുഴ നഗരസഭയിലെ കൊമ്മാടി വാർഡിൽ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. പെൻഷൻ വിതരണം ചെയ്യാനെത്തിയ ആലപ്പി നോർത്ത് കോ-ഓപ്പറേറ്റീവ് ബാങ്കിലെ കളക്ഷൻ ഏജന്റ് രഞ്ജിത് രമേശനെ ബി.ജെ.പി. പ്രവർത്തകർ തടഞ്ഞു. സി.പി.എം. പ്രവർത്തകരുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ചട്ടം മറികടന്ന് പെൻഷൻ വിതരണം നടത്തുന്നതെന്നാരോപിച്ചായിരുന്നു തടഞ്ഞുവച്ചത്. കൂടുതൽ സി.പി.എം. പ്രവർത്തകർ ഇതിനെ ചോദ്യം ചെയ്ത് എത്തിയതോടെ തർക്കം സംഘർഷത്തിൽ കലാശിച്ചു. ആലപ്പുഴ നോർത്ത് പൊലീസ് സ്ഥലത്തെത്തിയാണ് എല്ലാവരെയും പിന്തിരിപ്പിച്ചത്.കളപ്പുര മാഞ്ചിറയ്ക്കൽ തൃപ്തികുമാർ, കൊമ്മാടി വേലശ്ശേരിൽ സച്ചിൻ ജേക്കബ്, കൊമ്മാടി മാടയിൽ എൻ.പി. ശശിഎന്നിവരെ ബി.ജെ.പി.ക്കാർ മർദ്ദിച്ചതായി സി.പി.എം. ആരോപിച്ചു.
കൊമ്മാടി വാർഡ് കൺവീനർ സുരേഷ് കുമാർ, പ്രവർത്തകരായ ത്യാഗരാജൻ, ശ്രീജിത്ത് എന്നിവരെ സി.പി.എമ്മുകാർ മർദ്ദിച്ചതായി ബി ജെ.പി.യും ആരോപിച്ചു. ഇരുവിഭാഗത്തിനെതിരെയും കേസെടുത്തു. ഇന്നലെ വൈകിട്ട് നടന്ന ചർച്ചയിൽ പ്രശ്നം ഒത്തുതീർപ്പായെന്ന് ആലപ്പുഴ നോർത്ത് പൊലീസ് അറിയിച്ചു.
പെൻഷൻ വിതരണത്തോടൊപ്പം രണ്ട് ദിവസമായി സി.പി.എമ്മുകാർ വോട്ടുപിടിത്തവും സ്ലിപ്പ് വിതരണവും നടത്തിയെന്നാണ് ബി.ജെ.പി.യുടെ ആരോപണം. എന്നാൽ, സഹകരണ ജീവനക്കാരന് പെൻഷൻകാരുടെ വീട് അറിയാത്തതിനാൽ കാണിച്ചുകൊടുക്കുക മാത്രമാണ് ചെയ്തതെന്നാണ് സി.പി.എം വാദം.