
ആലപ്പുഴ : 2003ൽ ടൂറിസ്റ്റ് വിസയിൽ ആലപ്പുഴയിലെത്തിയ ജർമനിയിലെ മ്യൂണിക് സ്വദേശി ആർമിൻ ഹെർമാൻ ഹർട്ടിന്റെ ഹൃദയത്തിലേക്കാണ് ഇവിടുത്തെ കായൽ സൗന്ദര്യം ചേക്കേറിയത്. രണ്ട് വർഷത്തിനു ശേഷം വീണ്ടു മൊരു വരവ്. പുന്നമട സ്വദേശിയായ ദീപയെന്ന യുവതിയെ ഈ വരവിൽ പരിചയപ്പെട്ടു. ക്രമേണ പരിചയം വിവാഹത്തിലേക്ക് നീങ്ങി. ദീപയുടെ കൈപിടിച്ച് ജർമ്മനിയിലേക്ക് പോയെങ്കിലും ഹെർമന്റെ മനസ് ആലപ്പുഴയിൽ തന്നെയായിരുന്നു. ഇവിടുത്തെ ജീവിതവും പ്രകൃതി ഭംഗിയും അത്രയേറെ ആ മനസിനെ കീഴടക്കി.
ജർമനിയിൽ പ്രമുഖ കെമിസ്റ്റായി ജോലിനോക്കുന്നതിനിടയിലാണ് കേരളത്തിൽ താമസമാക്കിയാലോ എന്ന ചിന്ത ഹെർമൻ ദീപയുമായി പങ്കു വയ്ക്കുന്നത്. അങ്ങനെ, 2006ൽ ഇരുവരും ആലപ്പുഴയിൽ തിരിച്ചെത്തി. പുന്നമടയ്ക്ക് സമീപം പള്ളിമുക്കിൽ ഗോൾഡൻ ഗ്ലിം വില്ല പണിതു. 14 വർഷമായി കേരള സൗന്ദര്യം ആസ്വദിച്ച് ഇവിടെ താമസിക്കുകയാണ് ഹെർമൻ.
ഇതിനിടയിലും ഒരു കാര്യത്തിൽ മാത്രമേ ഹെർമാന് പ്രയാസം ഉള്ളൂ. മലയാള ഭാഷ വേണ്ടത്ര വഴങ്ങുന്നില്ല. എല്ലാവരോടും സംസാരിച്ചും സിനിമ കണ്ടുമാണ് മലയാളം പഠിക്കാനുള്ള ശ്രമം നടത്തിയത്. ലൈഫ് ടൈം വിസ (ഒ.സി.എ) കാർഡ് ഹെർമാൻ എടുത്തിട്ടുണ്ട്. ഇപ്പോൾ പുന്നമടയിൽ ഹൗസ് ബോട്ട് ഏജൻസി നടത്തിയാണ് വരുമാനം കണ്ടെത്തുന്നത്. ചിത്രകലയും വശമുണ്ട്. ജർമൻ ഭാഷയും പഠിപ്പിക്കുന്നു. കായൽ സൗന്ദര്യം കാൻവാസിൽ പകർത്തി ജർമ്മനിയിൽ വിൽപ്പന നടത്തുന്നുണ്ട്. ചിത്രപ്രദർശനത്തിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ.
എല്ലാ വർഷവും ഹെർമാനും ദീപയും ജർമനിയിൽ പോകും. അവിടെ ഹെർമാന്റെ അമ്മയും സഹോദരനുമുണ്ട്. എല്ലാ വർഷവും ക്രിസ്മസിന് ഗോൾഡൻ ഗ്ലിം വില്ലയിലേക്ക് അമ്മയും സഹോദരനും എത്തുമായിരുന്നു. ഇത്തവണ കൊവിഡ് കാരണം വരവുണ്ടാകില്ല. പ്രകൃതി സ്നേഹിയായ ഹെർമന് സൈക്കിൾ യാത്രയാണ് കൂടുതൽ താത്പര്യം. മരണം വരെ ദീപയുടെ കൂടെ കേരളത്തിൽ ജീവിക്കണമെന്നാണ് ഈ 59 കാരന്റെ ആഗ്രഹം.
" കേരളം അത്രയ്ക്ക് ഇഷ്ടമാണ്. ഇവിടുത്തെ സംസ്കാരം,പൈതൃകം,ആഘോഷങ്ങൾ എല്ലാം സ്വാനീനിച്ചു. ജർമനിയേക്കാൾ ആലപ്പുഴ എന്നെ ആകർഷിക്കുന്നു
(ആർമിൻ ഹെർമാൻ ഹർട്ട്)