mehaboob

ആലപ്പുഴ : നഗരസഭയിൽ ഭരണം നിലനിറുത്താൻ യു.ഡി.എഫ് ശ്രമം തുടരുമ്പോൾ, ശക്തരായ വിമത സ്ഥാനാർത്ഥികൾ പാർട്ടിക്കുള്ളിൽ തലവേദനയാകുന്നു. ഭരണ പരിചയം കൊണ്ടും പ്രദേശത്തെ സ്വാധീനം കൊണ്ടും ഔദ്യോഗിക സ്ഥാനാർത്ഥിയെക്കാൾ ഒരു പടി മുന്നിലാണ് വിമതരിൽ പലരും. നഗരസഭയിൽ വലിയമരം, തിരുവമ്പാടി, കാഞ്ഞിരംചിറ, പൂന്തോപ്പ്, മുല്ലയ്ക്കൽ വാർഡുകളിലാണ് വിമതപ്പട ശക്തമായിരിക്കുന്നത്.

ബി.മെഹബൂബ്

പൂന്തോപ്പ് വാർഡ്

തിരഞ്ഞെടുപ്പ് രംഗത്ത് ആറാം പോരാട്ടത്തിനിറങ്ങുന്ന ബി.മെഹബൂബ് 2018ൽ നഗരസഭാ അദ്ധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നതയെത്തുർന്നാണ് കോൺഗ്രസിൽ നിന്ന് രാജി വെച്ചത്. അതേ വർഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ സിറ്റിംഗ് വാർഡായ ജില്ലാ കോടതിവാർഡിൽ നിന്ന് 520 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് സ്വതന്ത്രനായി വിജയിച്ച് വീണ്ടും നഗരസഭയിലെത്തിയത്. മുതിർന്ന പാർട്ടി പ്രവർത്തകനായ തനിക്ക് അർഹതപ്പെട്ട സ്ഥാനം നൽകുന്നതിൽ പാർട്ടി ഒപ്പം നിന്നില്ലെന്ന് മെഹബൂബ് പരാതിപ്പെടുന്നു. 1995ൽ പഴയ ജില്ലാ കോടതി വാർഡായ ഇപ്പോഴത്തെ അവലൂക്കുന്നിൽ നിന്ന് സ്വതന്ത്രനായാണ് ആദ്യ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആന്ന് പരാജയപ്പെട്ടെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച 2000 മുതൽ 2015 വരെയുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും, സ്വന്ത്രനായ 2018ലെ ഉപതിരഞ്ഞെടുപ്പിലും മികച്ച വിജയമാണ് നേടിയത്. ഒരിക്കൽ പ്രതിനിധീകരിക്കുകയും, വികസനം കൊണ്ടുവരികയും ചെയ്ത പൂന്തോപ്പിൽ ഇപ്രാവശ്യവും നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ടെന്ന് മെഹബൂബ് പറയുന്നു.

ടി.എ.വാഹിദ്

(മുല്ലയ്ക്കൽ)

സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് സ്വതന്ത്രനായി മത്സരത്തിനിറങ്ങാൻ തീരുമാനിച്ചതെന്ന് മുല്ലയ്ക്കൽ വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ.വാഹിദ് പറഞ്ഞു. ആറാം ക്ലാസിൽ ആരംഭിച്ച കെ.എസ്.യു പ്രവർത്തനം മുതൽ കഴിഞ്ഞ നാൽപ്പത് വർഷമായി കോൺഗ്രസ് പ്രവർത്തകനാണ്. ഇനിയും അങ്ങനെ തന്നെയായിരിക്കും. തനിക്ക് സീറ്റ് നിഷേധിച്ചവർക്ക് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ മറുപടി നൽകാൻ കഴിയുമെന്നാണ് വാഹിദ് പ്രതീക്ഷിക്കുന്നത്. യു.ഡിഎഫ് മുല്ലയ്ക്കൽ മണ്ഡലം വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ട്രഷറർ, സൗത്ത് ബ്ലോക്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ള വാഹിദ് പാർട്ടിയിൽ നിന്നുള്ള പ്രാഥമിക അംഗത്വം രാജിവെച്ചാണ് സ്വതന്ത്രനായി മത്സരിക്കുന്നത്.

ഒ.കെ.ഷെഫീക്ക്

(വലിയമരം)

ജനറൽ സീറ്റിൽ വനിതകളെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിന് വിരുദ്ധമായി സ്ഥാനാർത്ഥിയെ നിർത്തിയതിൽ പ്രതിഷേധിച്ചാണ് മുൻ ജനപ്രതിനിധികൂടിയായ അഷ്ഹർ ഷെഫീക്ക് (ഒ.കെ.ഷെഫീക്ക്) മത്സരത്തിനിറങ്ങിയത്. കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ പൂർണ പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന് ഷെഫീക്ക് അവകാശപ്പെടുന്നു. കഴിഞ്ഞ അഞ്ച് വർഷക്കാലം വാർഡിൽ കാര്യമായ വികസനം നടന്നിട്ടില്ലെന്നും താൻ നടത്തി വന്നിരുന്ന വികസനത്തിന്റെ തുടർച്ചയാണ് ആഗ്രഹിക്കുന്നതെന്നും ഷെഫീക്ക് പറയുന്നു. കോൺഗ്രസ് ജില്ലാകമ്മിറ്റിയംഗം, കെ.പി.സി.സി ഒ.ബി.സി ജില്ലാ ഉപാദ്ധ്യക്ഷൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, കെ.എസ്.യു ജില്ലാ ഭാരവാഹി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

കെ.കെ.ധനപാലൻ

(തിരുവമ്പാടി)

38 വർഷമായി കോൺഗ്രസിന്റെ സജീവപ്രവർത്തകനായിരുന്ന കെ.കെ.ധനപാലൻ പാർട്ടി വാർഡ് കമ്മിറ്റിയിൽ നിന്ന് രാജിവച്ചാണ് മത്സരിക്കുന്നത്. വാർഡിൽ നിന്ന് ഏകകണ്ഠമായി നിർദേശിക്കപ്പെട്ട പേര് ധനപാലന്റേതായിരുന്നു. പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കാമെന്ന് മുതിർന്ന നേതാക്കളുടെ നിർദേശവും ലഭിച്ചിരുന്നു. എന്നാൽ ഒറ്റ രാത്രികൊണ്ടാണ് സ്ഥാനാർത്ഥിയിൽ മാറ്റം വന്നതെന്ന് ധനപാലൻ ആരോപിക്കുന്നു. വാർഡ് കമ്മിറ്റിയിൽ തന്റെ പേര് പിന്താങ്ങിയ ആളെയാണ് പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥിയാക്കിയത്. ഇതിൽ പ്രതിഷേധിച്ച് ധനപാലന്റെ നേതൃത്വത്തിൽ നാൽപ്പതോളം പേർ വാർഡ് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചിരുന്നു. പന്ത്രണ്ടാമത്തെ വയസിൽ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായാണ് പാർട്ടി പ്രവർത്തനം ആരംഭിച്ചത്.

മേരി ലത (പ്രീതി ജേക്കബ്)

കാഞ്ഞിരംചിറ

നഗരസഭയിൽ കെ.എസ്.യുവും യൂത്ത് കോൺഗ്രസും ആവശ്യപ്പെട്ട സീറ്റായിരുന്നു കാഞ്ഞിരംചിറ. കെ.എസ്.യു ആലപ്പുഴ അസംബ്ലി മണ്ഡലം വൈസ് പ്രസിഡന്റ് ജെയിൻ മീരയുടെ പേരാണ് നാമനിർദേശപത്രിക സമർപ്പിക്കുന്നതിന്റെ തലേദിവസം വരെ ഉയർന്നിരുന്നത്. എന്നാൽ അവസാന നിമിഷം സ്ഥാനാർത്ഥിത്വത്തിൽ മാറ്റം വന്നു. തുടർന്നാണ് ജെയ്ൻ മീരയുടെ അമ്മയും കോൺഗ്രസിന്റെ സൈബർ പോരാളിയുമായ മേരി ലത നോമിനേഷൻ സമർപ്പിച്ചത്. പ്രതിപക്ഷ നേതാവുൾപ്പടെ ഉറപ്പ് നൽകിയിരുന്ന സീറ്റ് ഗ്രൂപ്പ് കളിയുടെ പേരിലാണ് നഷ്ടമായതെന്ന് മേരി ലത ആരോപിക്കുന്നു. വർഷങ്ങളായി പ്രവർത്തിക്കുന്ന വാർഡായതിനാൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മൃഗസംരക്ഷണ പ്രവർത്തക കൂടിയായ മേരിലത.