അമ്പലപ്പുഴ: മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച അഞ്ചു പേരെഅമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തു.തകഴി സ്വദേശി പ്രേംജിത്ത്, ഇയാളുടെ സുഹൃത്ത് കുന്നുമ്മ സ്വദേശി വിനീത് , പെരുമ്പാവൂർ സ്വദേശികളായ റമീസ് , റഷീദ് , ആലുവ സ്വദേശി റിയാസ് എന്നിവരാണ് പി​ടി​യി​ലായത്. വെള്ളിയാഴ്ച രാവിലെ തകഴിയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെത്തിയാണ് ഇവർ 90 ഗ്രാമോളം വരുന്ന മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ചത്. പ്രേംജിത്താണ് മറ്റുള്ളവരെ പരിചയപ്പെടുത്തിയത്. ഈ സമയം ഭർത്താവ് ഉണ്ണികൃഷ്ണൻ എത്തിയിട്ട് പണം നൽകാമെന്ന് സ്ഥാപന ഉടമ ഗീതാകുമാരി അറിയിച്ചു.പിന്നീട് എത്തിയ ഉണ്ണികൃഷ്ണൻ ആഭരണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്.തുടർന്ന് ഇവരറിയാതെ വിവരം അമ്പലപ്പുഴ പൊലീസിനെ അറിയിക്കുകയായിരുന്നു. വിവിധ ജില്ലകളിലെ പണമിടപാട് സ്ഥാപനങ്ങളി​ൽ നിന്ന് ഇത്തരത്തിൽ പണം തട്ടി​യവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു