
 നഗരസഭ അദ്ധ്യക്ഷ പദവിയെപ്പറ്റി ചർച്ച മൂക്കുന്നു
ആലപ്പുഴ: ആലപ്പുഴ നഗരസഭ അദ്ധ്യക്ഷ പദവി ഇക്കുറി വനിതാ സംവരണമായതോടെ കസേരയിലേക്കെത്താൻ സാദ്ധ്യതയുള്ളവരുടെ പേരുകൾ സംബന്ധിച്ച് മുക്കിലും മൂലയിലുമൊക്കെ ചർച്ച തുടങ്ങി. ചെയർപെഴ്സൺ സ്ഥാനാർത്ഥിയായി മുന്നണി നേതൃത്വങ്ങൾ ആരെയും മുന്നിൽ നിറുത്തിയിട്ടില്ലെങ്കിലും ഊഹാപോഹങ്ങൾക്ക് തെല്ലും കുറവില്ല.
മുതിർന്ന വനിതാ നേതാവിന്റെ ചിത്രം സഹിതം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത് വിവാദമായിരുന്നു. തന്റെയോ പാർട്ടിയുടെയോ അറിവില്ലാതെ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി സ്ഥാനാർത്ഥി തന്നെ രംഗത്തെത്തുകയും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തു.
ഭരണം നിലനിറുത്താൻ യു.ഡി.എഫിന് സാധിച്ചാൽ അദ്ധ്യക്ഷ പദവി കോൺഗ്രസിനും, ഉപാദ്ധ്യക്ഷ പദവി മുസ്ലീം ലീഗിനും അവകാശപ്പെട്ടതാണ്. ഭരണം എൽ.ഡി.എഫിന് ലഭിച്ചാൽ സി.പി.എം അംഗം അദ്ധ്യക്ഷയും, സി.പി.ഐ അംഗം ഉപാദ്ധ്യക്ഷനുമാകും. സ്ഥാന നിർണയത്തിൽ മൂപ്പിളമ തർക്കവും സാമുദായിക സമവാക്യങ്ങളും ഗ്രൂപ്പും വിഷയമാകുന്നതോടെ പലപ്പോഴും അദ്ധ്യക്ഷ പദവിയുടെ കാലാവധി പലതായി പകുത്തെടുക്കാൻ സാദ്ധ്യതയുണ്ട്. കായംകുളം നഗരസഭ ഭരണം യു.ഡി.എഫിനായിരുന്ന കാലത്ത് അഞ്ചുവർഷം അഞ്ചു ചെയർമാൻമാർ വരെ കസേരയിലിരുന്നിട്ടുണ്ട്.
 സാദ്ധ്യതയിങ്ങനെ
മുതിർന്ന നേതാക്കളും, മുൻപ് വിവിധ അദ്ധ്യക്ഷ പദവികൾ അലങ്കരിച്ചിട്ടുള്ളവരുമായ മോളി ജേക്കബ്, ഷോളി സി.എസ്, ആർ.ബേബി, സി. ജ്യോതിമോൾ, സീനത്ത് നാസർ എന്നിവരുടെ പേരുകളാണ് യു.ഡി.എഫിന്റെ സാദ്ധ്യതാ ലിസ്റ്റിലുള്ളത്. ഉപാദ്ധ്യക്ഷ പദവി സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധികളായ എ.എം.നൗഫൽ, ബാബു ഷെരീഫ് എന്നിവരുടെ പേരുകളും പരിഗണിക്കുന്നു. എൽ.ഡി.എഫിലാകട്ടെ പാർട്ടി ഏരിയാ കമ്മിറ്റിയംഗമായ കെ.കെ.ജയമ്മയ്ക്കാണ് സാദ്ധ്യത കൽപ്പിക്കുന്നത്. കഴിഞ്ഞ നഗരസഭയിൽ അംഗങ്ങളായിരുന്ന ഇന്ദു വിനോദ്, കവിത എന്നിവരുടെ പേരുകളും ഉയർന്നു വരുന്നുണ്ട്. ഉപാദ്ധ്യക്ഷ പദവിയിലേക്ക് സി.പി.ഐ ജില്ലാ കമ്മിറ്റിയംഗമായ പി.എസ്.എം. ഹുസൈനും, മുതിർന്ന നേതാവ് എൽജിൻ റിച്ചാർഡിനുമാണ് സാദ്ധ്യത.
.......................................
 അഞ്ചാം തവണ മത്സരത്തിനിറങ്ങിയ മോളി ജേക്കബ് 2002-2003 കാലഘട്ടത്തിൽ നഗരസഭ അദ്ധ്യക്ഷയായിരുന്നു. കഴിഞ്ഞ നഗരസഭ ഭരണസമിതിയിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയായിരുന്നു. മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും, കെ.പി.സി.സി സെക്രട്ടറിയുമാണ്.
 മത്സരരംഗത്ത് നാലാം പോരാട്ടത്തിനിറങ്ങിയ ഷോളി സി.എസ് (ഷോളി സിദ്ധകുമാർ) വിദ്യാഭ്യാസ, ക്ഷേമകാര്യ അദ്ധ്യക്ഷ സ്ഥാനങ്ങളാണ് വഹിച്ചിരുന്നത്. മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റാണ്.
 നാലാം വട്ടം മത്സരംഗത്തുള്ള ആർ.ബേബി നഗരസഭയിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയായിരുന്നു. നിലവിൽ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയും ഡി.സി.സി അംഗവുമാണ്.
 മൂന്നാം വട്ടം മത്സരിക്കുന്ന സി.ജ്യോതിമോൾ കഴിഞ്ഞ നഗരസഭാ കൗൺസിലിൽ ഉപാദ്ധ്യക്ഷയായിരുന്നു.
 മൂന്നാം മത്സരത്തിനിറങ്ങുന്ന സീനത്ത് നാസർ നിലവിൽ ഡി.സി.സി അംഗമാണ്. ജില്ലാ ആസൂത്രണ സമിതി മുൻ അംഗമായിരുന്നു.
 ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമായ കെ.കെ.ജയമ്മ നാലാം തവണയാണ് മത്സരിക്കുന്നത്. എൽ.ഡി.എഫ് വനിതാ സ്ഥാനാർത്ഥികളിൽ ഏരിയാ കമ്മിറ്റി അംഗമായ ഏക വ്യക്തയാണ്. നഗരസഭയിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയായിട്ടുണ്ട്.
 രണ്ടാം തവണയാണ് ഇന്ദു വിനോദ് (സൗമ്യ രാജ്) മത്സരിക്കുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗം, കർഷക സംഘം ഏരിയ കമ്മിറ്റി അംഗം തുടങ്ങിയ പദവികൾ വഹിക്കുന്നു.
 രണ്ടാം തവണയാണ് എ.എസ്.കവിത (കവിത ടീച്ചർ) ജനവിധി തേടുന്നത്. കുതിരപ്പന്തി ലോക്കൽ കമ്മിറ്റിയംഗവും, മഹിള അസോസിയേഷൻ കുതിരപ്പന്തി മേഖലാ പ്രസിഡന്റുമാണ്.