
കായംകുളം: കന്നിവോട്ട് തനിയ്ക്ക് തന്നെ ചെയ്യാൻ കഴിയുന്ന അപൂർവ്വ ഭാഗ്യം സാക്ഷാത്കരിക്കുന്നതിനായി കാത്തിരിയ്ക്കുകയാണ് കായംകുളം ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി നിതുഷരാജ്. എട്ടാം തീയതി പുതുപ്പള്ളി തെക്കേ ആഞ്ഞിലിമൂട് എൽ.പി.എസിലെ രണ്ടാം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുക. കന്നിവോട്ട് പാഴാകരുതെന്നതിനാൽ വിജയത്തിൽ കുറിച്ചൊന്നും ചിന്തിക്കുന്നുമില്ല.
വോട്ടേഴ്സ് ലിസ്റ്റിൽ പേരുചേർത്ത് കന്നിവോട്ട് ചെയ്യാനായി കാത്തിരിയ്ക്കുമ്പോൾ അവിചാരിതമായാണ് മത്സരിയ്ക്കുവാനുള്ള ക്ഷണം ലഭിച്ചത്. അരിവാൾ നെൽക്കതിർ ചിഹ്നത്തിൽ സി.പി.ഐയുടെ സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. ശ്രീവിദ്യാധിരാജ കോളേജിലെ എം.കോം വിദ്യാർത്ഥിനിയായ 21കാരി നിതുഷരാജ് സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർത്ഥിയാണ്.
പാവുമ്പ ഗവ.ആർട്സ് കോളേജിൽ പഠിയ്ക്കുമ്പോൾ എ.ഐ.എസ്.എഫ് ഭാരവാഹിയായിരുന്നു. ജനങ്ങൾക്ക് ഒപ്പം നിന്ന് നാടിന്റെ പുരോഗതിയ്ക്കായി നിഷ്പക്ഷവും നീതിപൂർവ്വമായും പ്രവർത്തിയ്ക്കുമെന്നാണ് ജനങ്ങളോടുള്ള നിതുഷയുടെ വാഗ്ദാനം.