booth

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്ക് മാതൃകയാക്കാൻ ഹരിത ബൂത്ത് സജ്ജമാക്കി നഗരസഭ. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയെന്ന സന്ദേശം പങ്കുവെയ്ക്കുകയാണ് ഹരിത ബൂത്തിന്റെ ലക്ഷ്യം.

ഓലമേഞ്ഞതും, പേപ്പർ പോസ്റ്ററുകളും, തുണി ബാനറുകളുമുപയോഗിച്ചാണ് മാതൃകാ ബൂത്ത് തയ്യാറാക്കിയിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ നഗരസഭയുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ബൂത്തുകളിലെത്തി ഹരിതചട്ടം പാലിക്കേണ്ടത് വിശദീകരിക്കും. തിരഞ്ഞെടുപ്പിന്റെ തലേ ദിവസം നഗരത്തിലെ ഓരോ വാർഡുകളിലും ഹരിത കർമ്മസേന പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകളിൽ ഹരിത പെരുമാട്ടച്ചട്ടം ബോധവത്കരണം നടത്തും. നഗരസഭ പരിധിയിൽ 118 പോളിംഗ് സ്റ്റേഷനിലും ഹരിതചട്ടം പാലിക്കുന്നതിനുള്ള നിർദേശങ്ങളുമായി സ്റ്റിക്കർ പതിപ്പിക്കും. കൂടാതെ മാലിന്യം വേർതിരിച്ച് ശേഖരിക്കാനായി ഓരോ പോളിംഗ് സ്റ്റേഷനിലും ശുചീകരണ വിഭാഗം ജീവനക്കാരെയും നിയോഗിക്കുമെന്നും നഗരസഭാ അധികൃതർ വ്യക്തമാക്കി. മാതൃകാ ഹരിത ബൂത്ത് നഗരസഭാ സെക്രട്ടറി കെ.കെ.മനോജ് ഉദ്ഘാടനം ചെയ്തു. സി.ജയകുമാർ,എം.ഹബീബ്,അഖിൽ പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.