
ആലപ്പുഴ: കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ലഭിച്ച പ്രത്യേക സൗകര്യം തദ്ദേശ തിരഞ്ഞെടുപ്പിലും പ്രതീക്ഷിക്കുകയാണ് ജില്ലയിലെ ഭിന്നശേഷിക്കാർ. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കുറി സൗകര്യങ്ങളൊന്നും ജില്ലയിൽ ഒരുക്കിയിട്ടില്ലെന്നറിഞ്ഞതോടെ നിരാശയിലാണിവർ.
സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിലാണ്, 2019 ഏപ്രിലിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഭിന്നശേഷിക്കാർക്ക് സൗകര്യമൊരുക്കിയത്. ഓരോരുത്തരെയും വാഹനവുമായി വീട്ടിൽചെന്ന് കൂട്ടിക്കൊണ്ടുവന്ന് വോട്ട് ചെയ്യിച്ച ശേഷം തിരികെ വീട്ടിൽ എത്തിക്കുമായിരുന്നു. വാഹനത്തിൽ അങ്കണവാടി വർക്കറുടെയും ഒരു പാലിയേറ്റിവ് പ്രവർത്തകന്റെയും സാന്നിദ്ധ്യവും ഉറപ്പ് വരുത്തിയിരുന്നു. വാഹന ചെലവടക്കം മറ്റ് ബുദ്ധിമുട്ടുകളൊന്നും അറിയേണ്ടി വരില്ലെന്നതിനാൽ വോട്ടവകാശം വിനിയോഗിക്കാൻ എല്ലാ ഭിന്നശേഷിക്കാരും തയ്യാറായിരുന്നു. ജില്ലയിൽ ഭിന്നശേഷിക്കാർക്കു വേണ്ടി പ്രവർത്തിക്കുന്ന ധാരാളം സംഘടനകളുണ്ട്. ഇവരെ ബൂത്തുകളിലെത്തിക്കാനുള്ള ശ്രമം അത്തരം സംഘടനകൾ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിൽ അനങ്ങാതിരിക്കുകയാണ് സർക്കാർ സംവിധാനങ്ങൾ.
ഭിന്നശേഷിക്കാർക്കു വേണ്ടി 261 ഓട്ടോറിക്ഷകൾ, ബോട്ടുകൾ, പാലിയേറ്റിവ് വാഹനങ്ങൾ എന്നിവയാണ് പാർലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സജ്ജമാക്കിയിരുന്നത്. 3644 പേർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി സമ്മതിദാനവകാശം വിനിയോഗിച്ചു. ഭിന്നശേഷി വോട്ടർമാരുള്ള എല്ലാ സ്ഥലങ്ങളിലും അങ്കണവാടി വർക്കർമാർ, ദേശീയ ആരോഗ്യ ദൗത്യം സ്റ്റാഫ് നഴ്സ് എന്നിവരെ മുഴുവൻ സമയ സന്നദ്ധ പ്രവർത്തകരായി നിയോഗിച്ചിരുന്നു.
..............................
പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയാൽ വോട്ടവകാശം വിനിയോഗിക്കാൻ ഭൂരിഭാഗം ഭിന്നശേഷിക്കാരും മടി കൂടാതെ എത്തും. പാവപ്പെട്ട വീട്ടുകാർക്ക് വാഹനങ്ങൾ വിളിച്ച് ഇവരെ ബൂത്തിലെത്തിക്കുന്നത് സാമ്പത്തിക പ്രയാസമുണ്ടാക്കും. രാഷ്ട്രീയ പാർട്ടി പ്രവർത്തകർ വോട്ട് ചെയ്യാൻ ബൂത്തിലെത്തിക്കുമെങ്കിലും പലപ്പോഴും തിരിച്ച് വീട്ടിലെത്തിക്കാൻ സഹകരിക്കാറില്ല
അങ്കണവാടി വർക്കർ
..............................
കൊവിഡ് ആരംഭിച്ച കാലം മുതൽ ആരും തിരിഞ്ഞുനോക്കിയിട്ടില്ല. സൗകര്യങ്ങൾ ഒരുക്കിയാൽ ബൂത്തിലെത്താൻ കൂടുതൽ പേർ തയ്യാറാകും
കെ.അജിത്കുമാർ, സെക്രട്ടറി, വീൽചെയർ യൂസേഴ്സ് വെൽഫെയർ കോ- ഓപ്പറേറ്റിവ് സൊസൈറ്റി