മാവേലിക്കര: ചെട്ടികുളങ്ങരയിൽ കേരള ബാങ്ക് ജീവനക്കാരനും മകൾക്കും നേരെ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണ ശ്രമം. കേരള ബാങ്ക് കായംകുളം മെയിൻ ബ്രാഞ്ച് ജീവനക്കാരൻ ചെട്ടികുളങ്ങര പേള വിജയഭവനത്തിൽ അയ്യപ്പൻ നായർ (40), 17 വയസുള്ള മകൾ എന്നിവർക്കു നേരെ ഇന്നലെ വൈകിട്ട് 6 മണിയോടെ പനച്ചമൂടിന് തെക്ക് ഭാഗത്തെ കുരിശടിയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള റോഡിലാണ് ആക്രമണ ശ്രമമുണ്ടായത്.
ബൈക്കിൽ പോകുകയായിരുന്ന അയ്യപ്പൻ നായരെയും മകളെയും തമിഴ്നാട് സ്വദേശി കൈ കാണിച്ചു നിറുത്തി. തുടർന്ന് മലയാളത്തിൽ ഇവരോട് ഏത് പാർട്ടിക്കാരാണെന്ന് ചോദിച്ചു. അത് തന്നോട് പറയേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് ബൈക്ക് മുന്നോട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ ഇവരെ തള്ളി താഴെ ഇടുകയും അസഭ്യം പറഞ്ഞുകൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ആളുകൾ ഓടിക്കൂടിയതോടെ അക്രമി അവിടെനിന്നു കടന്നു. മാവേലിക്കര പൊലീസിൽ പരാതി നൽകി.