മാരാരിക്കുളം:എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നഭ്യർത്ഥിച്ച് മന്ത്രി ടി.എം.തോമസ് ഐസക് തീരദേശത്ത് തുറന്ന ജീപ്പിൽ പര്യടനം നടത്തി. ചെണ്ടമേളത്തിന്റെയും ഇരു ചക്രവാഹനങ്ങളുടെയും അകമ്പടിയോടെ നടത്തിയ പര്യടനത്തിൽ ജില്ലാ പഞ്ചായത്ത് മാരാരിക്കുളം ഡിവിഷൻ സ്ഥാനാർത്ഥി കെ.ജി രാജേശ്വരിയും പങ്കെടുത്തു. ചേന്നവേലി മുതൽ ആലപ്പുഴ പട്ടണം വര വിവിധ കേന്ദ്രങ്ങളിൽ കാത്തുനിന്ന് ജനങ്ങൾ അഭിവാദ്യം ചെയ്തു.തീരദേശത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ഏ​റ്റവും വലിയ കരുതലാണ് 100 കോടി ചെലവിൽ നിർമ്മിക്കുന്ന ചെട്ടികാട് മൾട്ടി സ്‌പെഷ്യാലി​റ്റി ആശുപത്രിയെന്ന് വിവിധ കേന്ദ്രങ്ങളിലെ യോഗങ്ങളിൽ തോമസ് ഐസക് പറഞ്ഞു.
ചേന്നവേലിയിൽ നിന്നാരംഭിച്ച പര്യടനം സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു.ഡി.ഹർഷകുമാർ അദ്ധ്യക്ഷനായി. അഡ്വ.കെ.ആർ.ഭഗീരഥൻ,കെ.ടി.മാത്യു,എൻ.പി.സ്‌നേഹജൻ,ജില്ലാ പഞ്ചാത്ത് മാരാരിക്കുളം ഡിവിഷൻ സ്ഥാനാർത്ഥി കെ.ജി.രാജേശ്വരി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് കണിച്ചുകുളങ്ങര ഡിവിഷൻ സ്ഥാനാർത്ഥി വി.ജി. മോഹനൻ എന്നിവർ സംസാരിച്ചു.