t

ആലപ്പുഴ: തമിഴ്നാട്ടിൽ നിന്നുള്ള വരവ് വർദ്ധിച്ചതോടെ സംസ്ഥാനത്ത് മൂന്ന് ദിവസം കൊണ്ട് ഇറച്ചിക്കോഴി വില കിലോയ്ക്ക് 12 രൂപ കുറഞ്ഞു. ഫാമുകളിൽ കോഴിയുടെ മൊത്തവില കിലോയ്ക്ക് 70 രൂപയാണ്. ചില്ലറ വിപണിയിലെത്തുമ്പോൾ 92 രൂപ. ദീപാവലിക്ക് ശേഷമാണ് തമിഴ്നാട്ടിൽ നിന്ന് ഇറച്ചിക്കോഴിയുടെ വരവ് വർദ്ധിച്ചത്. ഇതോടെ വ്യാപാരികൾക്ക്, കേരളത്തിൽ ഉത്പാദിപ്പിക്കുന്ന നാടൻ ഇറച്ചിക്കോഴികളോടുള്ള താത്പര്യം കുറഞ്ഞു. കിലോയ്ക്ക് 90 രൂപയാണ് നിലവിൽ ഇവയുടെ മൊത്തവില്പന വില.

തമിഴ്നാടൻ കോഴിവില 120 രൂപയിൽ നിന്നാണ് 92ലേക്ക് ഇറങ്ങിയത്. ഇറച്ചി മാത്രം കിലോയ്ക്ക് 220ൽ നിന്ന് 160 രൂപയായി. തമിഴ്നാട്ടിൽ നിന്ന് ഏജന്റുമാർ 70 രൂപയ്ക്കാണ് കേരളത്തിലെ ചെറുകിട വില്പനക്കാർക്ക് കോഴിയെ എത്തിക്കുന്നത്. വിലകുറച്ച് വിപണിയിൽ കോഴി ലഭിക്കുന്നതിനാൽ സംസ്ഥാനത്തെ ഫാമുകളിൽ നിന്ന് കോഴിയെ വാങ്ങാൻ വ്യാപാരികൾ മടിക്കുന്നു.ഇത് മൂലം സംസ്ഥാന ഫാം ഉടമകൾ നഷ്ടം സഹിച്ചും വിലകുറച്ച് വിൽക്കാൻ നിർബന്ധിതരാവുകയാണ്.

ക്രിസ്മസ്, പുതുവത്സര സീസണുകളിൽ ഇറച്ചിക്കോഴിയെ തറവിലയ്ക്ക് തമിഴ്നാട്ടിൽ നിന്ന് എത്തിക്കുന്നത് പുതുമയുള്ള സംഭവമല്ല. പ്രതിദിനം 200ൽ അധികം ലോഡ് കോഴികൾ എത്തുന്നുണ്ട്. തമിഴ്‌നാട്ടിലും മറ്റും വൻതോതിൽ ലോഡ് കെട്ടിക്കിടക്കുന്ന സാഹചര്യവും നിലവിലുണ്ട്. തമിഴ്‌നാട് കൃഷ്ണഗിരിയിൽ കിലോഗ്രാമിന് 50 രൂപയ്ക്കാണ് കോഴിയെ ലഭിക്കുന്നത്. വിലയിടിവു തുടരുന്നതിനാൽ ഉത്പാദനച്ചെലവു പോലും സംസ്ഥാനത്തെ കർഷകർക്കു ലഭിക്കാത്ത സാഹചര്യമായി. ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞിനെ 62 രൂപയ്ക്കാണ് കർഷകർ വാങ്ങുന്നത്. ഇത് 45 ദിവസം പ്രായമാകുമ്പോൾ കുറഞ്ഞത് ഒരു കിലോയ്ക്ക് 90 രൂപ ചെലവാകും. പ്രതിദിനം ഒരുകോഴിക്ക് നാല് രൂപയുടെ തീറ്റ നൽകണം.

......................................

# വില പോയ വഴി

 തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഉത്പാദനം വർദ്ധിച്ചതോടെ വൻതോതിൽ കോഴിയിറച്ചി കേരളത്തിലേക്ക് എത്തുന്നു

 കൊവിഡ് ഭീതി മൂലം വിദേശത്തേക്കു കോഴിയിറച്ചിയും അനുബന്ധ ഉത്പന്നങ്ങളും കയറ്റി അയയ്ക്കുന്നത് കുറഞ്ഞു

 പക്ഷിപ്പനി സ്ഥിരീകരിച്ചതിനാൽ സംസ്ഥാനത്താകെ കോഴിയിറച്ചിയുടെ ഡിമാൻഡ് ഇടിഞ്ഞു

...........................

# കാടയ്ക്ക് തോന്നിയ വില


ചിക്കൻ സ്റ്റാളുകളിൽ കാടയിറച്ചിക്ക് തോന്നിയ വിലയാണ്. ചിലയിടങ്ങളിൽ കാട ഒന്നിന് 40 രൂപയാണ്. അതേസമയം ചില കടക്കാർ കിലോഗ്രാമിന് 70 രൂപ വരെ വാങ്ങുന്നുണ്ട്. വലിയ ഓർഡറുകൾക്ക് 60 രൂപ വീതമാണ് ഈടാക്കുന്നത്.

................................

കേരളത്തിലെ പൗൾട്രി കർഷകരെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സീസണിൽ തമിഴ്നാട് ലോബി ഇറച്ചിക്കോഴിയെ തറവിലയ്ക്ക് ഇവിടെ എത്തിക്കുന്നത്

പി.ആർ.ഷിഹാബ്, ജില്ലാ സെക്രട്ടറി, ചിക്കൻ മർച്ചന്റ്

..........................

സംസ്ഥാനത്തെ ഇറച്ചിക്കോഴി കർഷകർ ഉത്പാദിപ്പിക്കുന്ന കോഴിയെ നഷ്ടത്തിലാണ് വിൽക്കുന്നത്. തമിഴ്നാട്ടിൽ മാർജിൻ കുറയുമ്പോൾ ഉത്പാദനം കൂട്ടുന്നത് സംസ്ഥാനത്തെ കർഷകർക്ക് തിരിച്ചടിയാണ്

എസ്.കെ.നസീർ, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള പൗൾട്രി ഫെഡറേഷൻ