t

ആലപ്പുഴ: രംഗബോധമില്ലാതെ കൊവിഡ് തലയ്ക്കു മീതേ നിൽക്കുമ്പോഴും, കൊണ്ടും കൊടുത്തും നാടിളക്കി നടത്തിയ പ്രചണ്ഡ പ്രചാരണങ്ങൾക്ക് 'കൊട്ടിക്കലാശ'മെന്ന പരമ്പരാഗത പേരില്ലാതെ ആഘോഷത്തോടെതന്നെ ഇന്നലെ വൈകിട്ട് തിരശീല വീണു. രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം, ഓരോ വോട്ടും തങ്ങളുടെ അക്കൗണ്ടിലെത്തിക്കാനുള്ള നിശബ്ദ നീക്കങ്ങളുടെ അണിയറ തന്ത്രങ്ങൾ നിറയുന്നതാവും ഇന്നത്തെ പകലും ശേഷം വരുന്ന രാവും.

കൊവിഡിന്റെ പശ്ചാത്തലത്തിൽ കൊട്ടിക്കലാശം ഒഴിവാക്കിയിരുന്നെങ്കിലും എല്ലാ പഞ്ചായത്ത് വാർഡുകളിലെയും പ്രധാന കേന്ദ്രങ്ങളിലെല്ലാം ആവേശം നിറയുന്ന വിധത്തിൽ പാർട്ടി പ്രവർത്തകർ ചെറു ജാഥകളും മേളങ്ങളും കൂട്ടംചേർന്നുള്ള അനൗൺസ്മെന്റുകളും കൊണ്ട് എരിപൊരി കൊള്ളിച്ചിരുന്നു. തുറന്ന ജീപ്പുകളിൽ സ്ഥാനാർത്ഥികളുടെ പര്യടനവും അവസാന മണിക്കൂറുകളിൽ ആവേശമായി. പ്രശ്നബാധിതമായേക്കാവുന്ന കേന്ദ്രങ്ങളിൽ ജാഗ്രതയോടെ പൊലീസുമുണ്ടായിരുന്നു.

ഇന്ന് ശബ്ദ പ്രചാരണത്തിന് വിലക്കുണ്ടെങ്കിലും വീടു കയറിയുള്ള വോട്ടു പിടിത്തത്തിന് നിരോധനമില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ പകലും സ്ഥാനാർത്ഥികളെയും നേതാക്കളെയും സംബന്ധിച്ചിടത്തോളം വിശ്രമരഹിതമാണ്.

ആലപ്പുഴ നഗരത്തിൽ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ട് നടന്ന റോഡ് ഷോ ആയിരുന്നു ഇടതുപക്ഷ പ്രചാരണത്തിന്റെ സമാപന ഘട്ടത്തിലെ പ്രധാന ആകർഷണം. മന്ത്രിമാരായ ജി.സുധാകരനും പി.തിലോത്തമനും ജില്ല കേന്ദ്രീകരിച്ചു തന്നെയാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. യു.ഡി.എഫിന് വേണ്ടി കെ.സി. വേണുഗോപാലും ശനിയാഴ്ച പ്രചാരണത്തിനിറങ്ങി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം അവസാന ഘട്ട പ്രചാരണത്തിന് കൊഴുപ്പു കൂട്ടാൻ രംഗത്തുണ്ടായിരുന്നു.

 തദ്ദേശ സ്ഥാപനങ്ങൾ 85

ജില്ലയിൽ 85 തദ്ദേശ സ്ഥാപനങ്ങളിലേക്കാണു നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനാണു പ്രധാന പോളിംഗ് സാമഗ്രിയെങ്കിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് എണ്ണമെടുത്തു കൈമാറുന്ന സാധനങ്ങളുടെ പട്ടിക നീണ്ടതാണ്. പെൻസിൽ, സ്റ്റാംപ് പാഡ് മീഡിയം, സ്‌കെച്ച് പേന, ബോൾ പേന നീല (4), ബോൾ പേന ചുവപ്പ് (1), റൈറ്റിംഗ് പേപ്പർ -500 ഷീറ്റ്, മഷി, പാക്കിംഗ് പശ, പേപ്പർ പിൻ 26, എം.എം- 25 എണ്ണം, വെള്ള നൂലുകൾ, തുണി ബാഗ്, വേസ്റ്റ് പേപ്പർ ബാസ്‌കറ്റ്, ബ്ലേഡ്, തീപ്പെട്ടി, റബർബാൻഡ്, ജെംക്ലിപ്പ് എന്നിങ്ങനെ 28 സാധനങ്ങളുണ്ട് പട്ടികയിൽ. ഇക്കുറി സാനിട്ടൈസറുമുണ്ട്.തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പാടാക്കുന്ന വാഹനത്തിൽ പകൽ തന്നെ ബൂത്തുകളിൽ എത്തണമെന്നാണു നിർദേശം.

 ചേരുംപടി ചെയ്യണം

ഗ്രാമ പഞ്ചായത്തിലെ വോട്ടർമാർക്ക് ഈ തിരഞ്ഞെടുപ്പിൽ മൂന്ന് വോട്ടാണുള്ളത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കായി മൂന്ന് സ്ഥാനാർത്ഥികളുടെയും പേരിനു നേരെയുള്ള ബട്ടണിൽ അമർത്തിയാലേ ബീപ് ശബ്ദം മുഴങ്ങി വോട്ടുകൾ രേഖപ്പെടുത്തുകയുള്ളൂ. അപ്പോഴാണു വോട്ടിംഗ് പ്രക്രിയ പൂർത്തിയാവുക. മൂന്ന് വോട്ടുകളിൽ ഒന്നെങ്കിലും വിനിയോഗിക്കുന്നില്ലെങ്കിൽ വോട്ടിംഗ് മെഷീനിലെ എൻഡ് ബട്ടൺ അമർത്താൻ മറക്കരുത്.എന്നാൽ മാത്രമേ അടുത്തയാൾക്കു വോട്ട് ചെയ്യാൻ വോട്ടിംഗ് മെഷീൻ സജ്ജമാകൂ. എൻഡ് ബട്ടൺ അമർത്താതെ പോയാൽ പ്രിസൈഡിംഗ് ഓഫീസർ ബൂത്തിലെ ഏജന്റുമാരോട് അനുവാദം വാങ്ങി എൻഡ് ബട്ടൺ അമർത്തണം.വോട്ട് ചെയ്തത് ആർക്കാണെന്നു നോക്കാതെ അമർത്ത ണമെന്നാണു നിർദേശം. ഒരു ബാലറ്റ് യൂണിറ്റിൽ 15 സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ഏറ്റവും താഴെ എൻഡ് ബട്ടണുമാണ് ഉണ്ടാവുക.

........................

# വോട്ടർമാർ 17.82 ലക്ഷം

തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ആകെയുള്ളത് 17,82,587 വോട്ടർമാർ. സ്ത്രീ വോട്ടർമാരാണ് കൂടുതൽ-9,43,588. പുരുഷന്മാർ- 8,38,988. പുതിയ വോട്ട‌ർമാർ- 52,885. ട്രാൻസ് ജെൻഡർ-11 പുതിയ വോട്ടർമാരിൽ 23,940 പുരുഷന്മാരും 28,944 സ്ത്രീകളുമുണ്ട്. ട്രാൻസ്ജെൻഡർ ഒന്ന്.

# ആറ് നഗരസഭകൾ  ആകെ വോട്ടർമാർ: 2,98,891 പുരുഷന്മാർ: 140647  സ്ത്രീകൾ: 158242  ട്രാൻസ്ജെൻഡർ....രണ്ട്.  പുതിയ വോട്ടർമാർ...9318 (ഇതിൽ 4281 പേർ പുരുഷൻമാരും 5037 പേർ സ്ത്രീകളും) # ഗ്രാമപഞ്ചായത്തുകൾ  പുതിയ വോട്ടർമാർ: 43567  പുരുഷന്മാർ:19, 659  സ്ത്രീകൾ: 23,907  ട്രാൻസ്ജെൻഡർ: ഒന്ന്