ambala
അലങ്കാര മത്സ്യ വിൽപ്പനശാലയിലെ അക്വേറിയും, മത്സ്യവും നശിപ്പിച്ച നിലയിൽ

അമ്പലപ്പുഴ: ദേശീയപാതയോരത്ത് വണ്ടാനം ഭാഗത്ത് അലങ്കാരമത്സ്യ വില്പന നടത്തിയിരുന്ന കടയ്ക്കുനേരെ ഉണ്ടായ ആക്രമണത്തിൽ അമ്പലപ്പുഴ വടക്കു പഞ്ചായത്ത് നാലാം വാർഡിൽ വണ്ടാനം മന്തറ ഷാജിയുടെ മകൻ അഭിജിത്ത് (21), അമ്പലപ്പുഴ വടക്കു പഞ്ചായത്ത് നാലാം വാർഡിൽ നിലയിൽ അബ്ദുൾ അസീസിന്റെ മകൻ അജ്മൽ (21), നാലാം വാർഡിൽ നാവക്കാട് വീട്ടിൽ സണ്ണിയുടെ മകൻ റിജോ (18) എന്നിവർക്ക് പരിക്കേറ്റു.

പെട്രോൾ പമ്പിന് വടക്കുഭാഗത്തുള്ള മറ്റൊരു അലങ്കാര മത്സ്യവില്പന ശാലയിലെ 3 യുവാക്കളും, വണ്ടാനം സ്വദേശികളായ ഇവരുടെ സുഹൃത്ത് സംഘവും ചേർന്ന് ഇന്നലെ ഉച്ചയ്ക്ക് 2 ഓടെ ഈ കടയിൽ എത്തുകയും വാക്കുതർക്കമുണ്ടാക്കുകയും ആയിരുന്നു. ഇതിനിടെയാണ് യുവാക്കളെ മർദ്ദിച്ച് അക്വേറിയവും ഉള്ളിലുണ്ടായിരുന്ന അലങ്കാര മത്സ്യങ്ങളും നശിപ്പിച്ചത്. വിവരം അറിഞ്ഞെത്തിയ പുന്നപ്ര എസ്.ഐ അബ്ദുൾ റഹിമും, എ.എസ്.ഐ സിദ്ദിഖും അടങ്ങിയ പൊലീസ് സംഘം യുവാക്കളെ ആശുപത്രിയിൽ എത്തിച്ചു. പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.