കറ്റാനം: യാക്കോബായ സുറിയാനി സഭ ആഹ്വാനം ചെയ്ത സത്യഗ്രഹസമരം കട്ടച്ചിറയിൽ തുടങ്ങി.അവകാശ സംരക്ഷണം നിയമനിർമ്മാണത്തിലൂടെ എന്ന മുദ്രാവാക്യമുയർത്തി ഇന്നലെ രാവിലെ 8ന് ആരംഭിച്ച സത്യഗ്രഹ സമരം ഇടവക ട്രസ്റ്റി അലക്സ് എം. ജോർജ് ഉദ്ഘാടനം ചെയ്തു.
2018 ആഗസ്റ്റിലാണ് സഭാതർക്കത്തെ തുടർന്ന് കട്ടച്ചിറ പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയത്. എന്നാൽ യാക്കോബായ സഭാംഗങ്ങളെ പള്ളിയിൽ പ്രവേശിപ്പിക്കാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി യാക്കോബായ വിശ്വാസികൾ പള്ളിക്ക് സമീപം സഹനസമരം നടത്തുകയാണ്. യാക്കോബായ സഭയുടെ 52 ഓളം പള്ളികളാണ് സഭാതർക്കത്തെ തുടർന്ന് വിശ്വാസികൾക്ക് നഷ്ടമായത്. മൃതദേഹ സംസ്കാരം ഉൾപ്പെടെ തടയപ്പെടുന്ന അവസ്ഥ ഉണ്ടായതിനെതുടർന്ന് കട്ടച്ചിറയിൽ ഒരു മൃതദേഹം 32 ദിവസം വീട്ടിൽ സൂക്ഷിക്കേണ്ടി വന്നിരുന്നു.
സുപ്രീംകോടതി വിധിയുടെ മറവിൽ ഓർത്തഡോക്സ് വിഭാഗം പള്ളികൾ കയ്യേറി യാക്കോബായ വിശ്വാസികളെ പുറത്താക്കുന്ന നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടാണ് സമരപരമ്പരയ്ക്ക് യാക്കോബായ സഭാ നേതൃത്വം ആഹ്വാനം ചെയ്തത്. 13ന് പള്ളികളിൽ ഇടവക വിശ്വാസികൾ പ്രാർത്ഥനയ്ക്കായി പ്രവേശിക്കാനും കല്ലറകളിൽ പ്രാർത്ഥന നടത്താനും യാക്കോബായ സഭ ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം കുരിശടിക്ക് സമീപം പ്രതിഷേധ സമരത്തിന്റെ ബാനർ സ്ഥാപിച്ചതിനെ ചൊല്ലി വിശ്വാസികളും പൊലീസും തമ്മിൽ ചെറിയതോതിൽ വാക്കേറ്റമുണ്ടായി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ മാവേലിക്കര തഹസിൽദാർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും സ്ഥലത്ത് ഉണ്ടായിരുന്നു