ചേർത്തല:ഉത്തര റെയിൽവേയ്ക്കായി ചേർത്തല ഓട്ടോകാസ്​റ്റിൽ കാസ്‌നബ് ബോഗികളുടെ നിർമ്മാണം പൂർത്തിയായി. അഞ്ച് ബോഗികളാണ് പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ചത്.

ചരക്ക് ട്രെയിനുകളുടെ ബോഗി ഘടിപ്പിക്കുന്ന ഭാഗമാണ് കാസ്‌നബ് ബോഗി.അടുത്ത മാസം പകുതിയോടെ ഇവ റോഡുമാർഗം അമൃത്സറിലെ കോച്ച് ഫാക്ടറിയിൽ എത്തിക്കും.ഇവിടെ നടക്കുന്ന പരിശോധനകൾ വിജയിച്ചാൽ കൂടുതൽ ഓർഡറുകൾ ഓട്ടോകാസ്​റ്റിന് ലഭിക്കും. പരിശോധനകൾക്ക് ശേഷം അടുത്ത മാസം 20ന് ഉത്തര റെയിൽവേയ്ക്ക് കൈമാറും.നഷ്ടത്തിലായിരുന്ന സ്ഥാപനത്തെ കരകയ​റ്റുന്നതിന്റെ ഭാഗമായി സർക്കാർ ഫണ്ട് നൽകി പുതിയ ആർക്ക് ഫർണസുകൾ സ്ഥാപിച്ച് ഉത്പാദനം വർദ്ധിപ്പിക്കുകയാണ്. നിലവിൽ 100 മുതൽ 150 മെട്രിക് ടൺ വരെയാണ് ഉത്പാദനം. അടുത്ത വർഷം അവസാനത്തോടെ 500 മെട്രിക് ടണ്ണിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.