
ഹരിപ്പാട്: അപരന്റെ സാന്നിദ്ധ്യം വോട്ടർമാർക്ക് 'കൺഫ്യൂഷൻ' ഉണ്ടാക്കുമോ എന്ന ആശങ്ക പരന്നതോടെ യഥാർത്ഥ സ്ഥാനാർത്ഥി സ്വന്തം പേരിന്റെ വിശേഷണമൊന്ന് പൊളിച്ചെഴുതി.
മുതുകുളം ബ്ളോക്ക് പഞ്ചായത്ത് ചേപ്പാട് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രഞ്ജിത്തിന്റെ നാമനിർദ്ദേശ പത്രികയിലെ പേര് രഞ്ജിത്ത് ചിങ്ങോലി എന്നായിരുന്നു. ചിഹ്നം അനുവദിച്ച് കിട്ടുന്നതിനുള്ള അപേക്ഷയുമായി ജില്ലാ സർവ്വേ ഓഫീസിൽ റിട്ടേണിംഗ് ഓഫീസറുടെ അടുത്തെത്തിയപ്പോഴാണ് സ്വതന്ത്രനായി രഞ്ജിത് ചിങ്ങനെല്ലൂർ എന്നൊരാൾ ഉള്ളതായി അറിയുന്നത്. പേരിൽ കൂട്ടിച്ചേർക്കലുകൾക്കുള്ള സമയം കഴിഞ്ഞിട്ടില്ലാത്തതിനാൽ രഞ്ജിത്ത് ചിങ്ങോലി എന്ന പേര് രഞ്ജിത് ചേപ്പാട് എന്നാക്കി തലയൂരി. അമ്മവീട് ചേപ്പാട് ആയതിനാൽ ഈ പേരിലെ മാറ്റം സന്തോഷത്തോടെയാണ് സ്വീകരിച്ചതെന്ന് രഞ്ജിത്ത് പറയുന്നു. രഞ്ജിത്ത് ചിങ്ങോലി എന്ന പേരിൽ പോസ്റ്ററുകളും ബാനറുകളും പതിച്ചിരുന്നെിലും പേര് മാറ്റത്തിന് ശേഷം ഇവ നീക്കി പുതിയത് സ്ഥാപിച്ചു.