
ഹരിപ്പാട്: തിരഞ്ഞെടുപ്പ് വേദിയിൽ മണ്ണാറശാല ഇല്ലത്തു നിന്നു രണ്ട് തലമുറകൾക്ക് ശേഷം വീണ്ടുമൊരു സാന്നിദ്ധ്യം. ഹരിപ്പാട് നഗരസഭ 29-ാം വാർഡിൽ നിന്നു യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി വൃക്ഷം അടയാളത്തിൽ കുടുംബാംഗം കെ. നാഗദാസ് ആണ് ജനവിധി തേടുന്നത്.
28 വർഷമായി അദ്ധ്യാപകനായി സേവനം അനുഷ്ഠിക്കുന്ന നാഗദാസ്, 2006 മുതൽ മണ്ണാറശാല യു.പി സ്കൂൾ പ്രഥമാദ്ധ്യാപകനാണ്. 2019 ലെ ഗുരുശ്രേഷ്ഠ പുരസ്കാര ജേതാവുമാണ്. വരുന്ന മേയിൽ വിരമിക്കുന്ന ഇദ്ദേഹം സമൂഹ്യ രംഗത്ത് കൂടുതൽ കർമ്മനിരതനാകാനുള്ള അവസരമായാണ് തിരഞ്ഞെടുപ്പ് മത്സരത്തെ കാണുന്നത്.
ഹരിപ്പാടിന്റെ ആദ്യകാല വികസന പ്രവർത്തനങ്ങളുടെ അമരക്കാരനായിരുന്നു മണ്ണാറശാല കുടുംബാംഗം എം.ജി നാരായണൻ നമ്പൂതിരി. കേരളപ്പിറവിക്കു മുമ്പ് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഹരിപ്പാട് മുനിസിപ്പാലിറ്റിയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് ആ കാലയളവിൽ ഹരിപ്പാട്ട് നടന്നത്. ആയുർവ്വേദ സ്കൂൾ, സംസ്കൃതം സ്കൂൾ, വെർണാകുലർ ഹൈസ്കൂൾ, ടൗൺഹാൾ, വെറ്ററിനറി ഹോസ്പിറ്റൽ, എൻ.ഇ.എസ് ബ്ളോക്ക് തുടങ്ങിയവ അദ്ദേഹത്തിന്റെ കാലത്ത് സ്ഥാപിക്കപ്പെട്ടവയിൽ പ്രധാനപ്പെട്ടവയാണ്. മണ്ണാറശാല ഇല്ലത്ത് നിന്നു സൗജന്യമായി വസ്തു വിട്ടുനൽകിയാണ് വെറ്ററിനറി ഹോസ്പിറ്റലിനും എൻ.ഇ.എസ് ബ്ളോക്കും ഉൾപ്പടെ നിർമ്മിച്ചത്. അദ്ദേഹത്തിന് ശേഷം രണ്ടാം തലമുറയിൽ നിന്നാണ് എസ്.നാഗദാസിന്റെ വരവ്.
കഴിഞ്ഞ പ്രളയ സമയത്ത് മണ്ണാറശാല യു.പി സ്കൂളിൽ നടത്തിയ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു എസ്.നാഗദാസ്.