t

ആലപ്പുഴ: സിറ്റിംഗ് കൗൺസിലർമാർ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകത കൊണ്ട് വ്യത്യസ്തമാവുകയാണ് ആലപ്പുഴ നഗരസഭയിലെ ഇരവുകാട് വാർഡ്‌. യു.ഡി.എഫ് സ്ഥാനാർത്ഥി ബഷീർ കോയപറമ്പിലും (കോൺഗ്രസ്) എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്ദു വിനോദും (സി.പി.എം) കഴിഞ്ഞ കൗൺസിലിലെ അംഗങ്ങളാണ്. ഇന്ദു വിനോദ് ഇരവുകാട്ടെ സിറ്റിംഗ് കൗൺസിലറും ബഷീർ കോയാപറമ്പിൽ ഗുരുമന്ദിരം വാർഡ് കൗൺസിലറുമാണ്.

മുമ്പ് ഇരവുകാട് കൗൺസലറായിരുന്ന ബഷീർ, വാർഡ് വനിതാ സംവരണമായതോടെയാണ് കഴിഞ്ഞ തവണ ഗുരുമന്ദിരം വാർഡിലേക്കു വന്നത്. ഇക്കുറി തിരികെയെത്തി മത്സരിക്കുന്നു. 50 വർഷം ഇടതു പക്ഷത്തിന്റെ കൈവശമായിരുന്ന ഇരവുകാട് വാർഡ് ബഷീറിലൂടെയാണ് യു.ഡി.എഫ് അക്കൗണ്ടിലെത്തുന്നത്. പുന്നപ്ര വയലാർ രകതസാക്ഷി സ്മാരകം സ്ഥിതിചെയ്യുന്ന വാർഡാണിത്.

മത്സരിച്ചപ്പോഴൊക്കെ രണ്ടു പേരെയും കൈവിടാതിരുന്ന, വാർഡിലെ വോട്ടർമാരാണ് ഇത്തവണ ആശയക്കുഴപ്പത്തിലാകുന്നത്. ബഷീർ കോയാപറമ്പിലിനെ സംബന്ധിച്ചിടത്തോളം 35 വർഷമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന മണ്ണാണ് ഇരവുകാട്ടേത്. കൗൺസിലറായിരുന്ന കാലത്ത് നടത്തിയ വികസനങ്ങൾ മറക്കാത്ത ജനം തനിക്കൊപ്പം നിൽക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇദ്ദേഹം.

അതേ സമയം മുൻ കൗൺസിലർ ചെയ്തതിനെക്കാൾ കൂടുതൽ വികസനം നാട്ടിൽ ചെയ്യാൻ കഴിഞ്ഞെന്ന വിശ്വാസവും രാഷ്ട്രീയ ഭേദമെന്യേ ജനങ്ങൾ ഒപ്പമുണ്ടെന്നുള്ള പ്രതീക്ഷയുമാണ് ഇന്ദു വിനോദിന്റെ (ഇന്ദു ടീച്ചർ) കരുത്ത്. വാർഡിലെ ടെംപിൾ ഒഫ് ഇംഗ്ളിഷ് സ്കൂളിന്റെ പ്രിൻസിപ്പൽ കൂടിയായ ഇന്ദുവിന് വളരെ വലിയൊരു ശിഷ്യസമ്പത്തുണ്ട്. കഴിഞ്ഞ അഞ്ചു വർഷം വാർഡിന്റെ വികസനത്തിന് ചെയ്ത കാര്യങ്ങൾ വോട്ടായി മാറുമെന്ന് ഇന്ദു വിശ്വസിക്കുന്നു.എൻ.ഡി.എ സ്ഥാനാർത്ഥി സി.സഞ്ജീവും പ്രചാരണത്തിൽ മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്.