ആലപ്പുഴ: എ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി മന്ത്രി ജി.സുധാകരൻ ജില്ലയിൽ നടത്തിയ പ്രചാരണ, പര്യടന പരിപാടികൾ ഇന്നലെ വൈകിട്ട് 6 മണിയോടെ നീർക്കുന്നം കടപ്പുറത്ത് സമാപിച്ചു.
40 പൊതുയോഗങ്ങളിൽ അദ്ദേഹം സംസാരിച്ചു. കൊവിഡ് മാനദണ്ഡലങ്ങൾ പാലിച്ച് വലിയ ജനാവലി എല്ലായിടത്തും പങ്കെടുത്തു. പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ ആലപ്പുഴ ജില്ലയിൽ ഇടതുപക്ഷത്തിനാണ് മേൽക്കൈ എന്നും അത് ഇത്തവണ കൂടുതൽ ഭൂരിപക്ഷത്തോടെ ആവർത്തിക്കുമെന്നും സുധാകരൻ പറഞ്ഞു. യു.ഡി.എഫിനും ബി.ജെ.പിക്കും വികസന കാഴ്ചപ്പാടില്ല. അവർ ഇരുകൂട്ടരും ഒരുപോലെ സംസാരിക്കുന്നു. സർക്കാരിനെ എതിർക്കുക മാത്രമാണ് അവരുടെ പരിപാടി. അവരുടെ വോട്ടർമാർക്ക് ആശയക്കുഴപ്പമാണ്. അതിനാൽ രണ്ട് മുന്നണിയിൽ നിന്നും എൽ.ഡി.എഫിന് ധാരാളം വോട്ടുകൾ ലഭിക്കും.
കക്ഷി രാഷ്ട്രീയം മാറ്റിവച്ച് ജാതിമത പരിഗണനകൾ ഇല്ലാതെ,വോട്ട് ബാങ്ക് രാഷ്ട്രീയം ഒഴിവാക്കി സമഗ്രമായ വികസനത്തിനാണ് ജനങ്ങൾ വോട്ട് ചെയ്യാൻ പോകുന്നത്. വളരെ പിന്നാക്കം ചെന്ന ഗ്രാമങ്ങളിൽപോലും പിണറായി സർക്കാർ വികസനം എത്തിച്ചു. 4000 കോടിയുടെ വികസനം അമ്പലപ്പുഴ മണ്ഡലത്തിൽ നടപ്പാക്കുന്നു. ജില്ലയിൽ 10,000 കോടിയുടെ വികസനമാണ് മരാമത്ത് വകുപ്പ് നടപ്പാക്കുന്നത്. ആലപ്പുഴ ബൈപ്പാസ് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് കുണ്ടന്നൂർ, വൈറ്റില മേൽപ്പാലങ്ങളും ഉദ്ഘാടനം ചെയ്യും. പിണറായി സർക്കാരിന്റെ കാലം കേരളത്തിലെ വികസനത്തിന്റെ സുവർണ്ണ കാലഘട്ടമാണെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു.