
ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇന്ന് നടക്കുന്ന ആദ്യഘട്ട പോളിംഗിൽ ജില്ലയിലെ രാഷ്ട്രീയ- സാമൂഹിക രംഗങ്ങളിലെ പ്രമുഖർ വോട്ടു രേഖപ്പെടുത്താനെത്തും. ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്.അച്യുതാനന്ദന് പറവൂർ ഗവ.എച്ച്.എസിലാണ് വോട്ടെങ്കിലും തിരുവനന്തപുരത്തു നിന്ന് എത്താനുള്ള ബുദ്ധിമുട്ട് കാരണം അദ്ദേഹം തപാൽ വോട്ടിന് അപേക്ഷിച്ചിട്ടുണ്ട്.
മന്ത്രി ജി.സുധാകരൻ
കളർകോട് ചിന്മയ സ്കൂളിലെ ബൂത്തിൽ ഉച്ചയ്ക്ക് ഒന്നിനും 1.30 നും ഇടയിൽ ഭാര്യ ജൂബിലി നവപ്രഭയ്ക്കൊപ്പമെത്തി വോട്ട് രേഖപ്പെടുത്തും.
മന്ത്രി തോമസ് ഐസക്
എസ്.ഡി.വി ബോയ്സ് എച്ച്.എസിൽ രാവിലെ 10 ന് വോട്ട് ചെയ്യും.
മന്ത്രി പി.തിലോത്തമൻ
ചേർത്തല തെക്ക് പഞ്ചായത്ത് വി.വി ഗ്രാമം ഐ.ടി.സി ബൂത്തിൽ രാവിലെ 8ന് വോട്ടു ചെയ്യും.
വെള്ളാപ്പള്ളി നടേശൻ
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കണിച്ചുകുളങ്ങര ദേവസ്വം ഗേൾസ് ഹൈസ്കൂളിലാണ് വോട്ട്. ഉച്ചയ്ക്ക് രണ്ടിന് ഭാര്യ പ്രീതി നടേശനും മകനും ബി.ഡി.ജെ.എസ് അദ്ധ്യനുമായ തുഷാർ വെള്ളാപ്പള്ളിക്കും ഒപ്പമാവും വോട്ട് ചെയ്യാനെത്തുന്നത്.
രമേശ് ചെന്നിത്തല
ചെന്നിത്തല തൃപ്പെരുന്തുറ ഗവ.എൽ.പി.എസിലെ ഒന്നാം നമ്പർ ബൂത്തിലാണ് വോട്ട്. രാവിലെ 8ന് ഭാര്യ അനിത രമേശ്, മൂത്തമകൻ ഡോ.രോഹിത്ത് എന്നിവർക്കൊപ്പമെത്തും. ഇളയ മകൻ രമിത്ത് രമേശ് ഐ.ആർ.എസ് പരിശീലനത്തിലാണ്
കെ.സി.വേണുഗോപാൽ എം.പി
ആലപ്പുഴ കണിയാകുളം എൻ.എസ്.എസ് ഹാളിലാണ് വോട്ട്. രാവിലെ 8 ന് വോട്ട് രേഖപ്പെടുത്തും.
കെ.ആർ. ഗൗരിഅമ്മ
ആലപ്പുഴ പോളഭാഗം ജെ.ബി.എസിലാണ് വോട്ടെങ്കിലും ശാരീരിക ബുദ്ധിമുട്ടും കൊവിഡും കണക്കിലെടുത്ത് വോട്ട് ചെയ്യേണ്ട എന്ന തീരുമാനത്തിലാണ്. എങ്കിലും ഇന്ന് രാവിലെ തീരുമാനം മാറ്റിയാൽ വോട്ട് ചെയ്യും.
എ.എം.ആരിഫ് എം.പി
കുതിരപ്പന്തി മാധവ മെമ്മോറിയൽ സ്കൂളിലാണ് വോട്ട്. രാവിലെ 8 ന് ഭാര്യ ഡോ.ഷഹനാസ്,മകൻ സൽമാൻ മകൾ റിസ്വാന എന്നിവർക്കൊപ്പമെത്തി വോട്ട് ചെയ്യും.
സംവിധായകൻ ഫാസിൽ
ആലപ്പുഴ ലിയോതേർട്ടീന്ത് എൽ.പി.എസിലാണ് വോട്ട്. രാവിലെ 11.30ഒാടെ ഇളയമകൻ ഫർഹാൻ ഫാസിലിനോടൊപ്പമെത്തും. എരുമേലിയിൽ ഷൂട്ടിംഗ് ലൊക്കേഷനിൽ ആയതിനാൽ ഫഹദ് ഫാസിൽ വോട്ട് ചെയ്യില്ല.
ഷാനിമോൾ ഉസ്മാൻ എം.എൽ.എ
കൊവിഡ് പോസിറ്റീവ് ആയതിനാൽ പോസ്റ്റൽ വോട്ട് ചെയ്തു.
പ്രതിഭ ഹരി എം.എൽ.എ
തകഴി കാർമ്മൽ കോൺവെന്റ് സ്കൂളിലാണ് വോട്ട്. രാവിലെ 8 ന് വോട്ട് ചെയ്യാനെത്തും.
വയലാർ രവി എം.പി
വയലാർ പണിക്കവീട്ടിൽ സെന്റ് സെബാസ്റ്റ്യൻസ് പബ്ളിക് സ്കൂളിലെ ഒന്നാം നമ്പർ ബൂത്തിൽ ഉച്ചയോടെ വോട്ടു ചെയ്യും.