beena

ആലപ്പുഴ : പാചകവാതകം, ഇന്ധനവിലവർദ്ധനവിൽ സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റ് താളംതെറ്റി. കൊവിഡ് കാലത്തെ വരുമാന നഷ്ടത്തിൽ നിന്ന് പിടിച്ചുനിൽക്കാൻ പെടാപ്പാട് അനുഭവിക്കുന്നതിനിടെയാണ് ഇടിത്തീ പോലെ പാചകവാതകം,പെട്രോൾ,ഡീസൽ എന്നിവയുടെ വില കുതിച്ചുയർന്നത്.

ജീവിതഭാരം വർദ്ധിപ്പിച്ച വിലക്കയറ്റത്തിനെതിരെ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് പ്രതിഷേധം ഉയരുന്നു. പാചക വാതകത്തിന് ഒറ്റയടിക്ക് 50 രൂപയാണ് വർദ്ധിപ്പിച്ചത്. പെട്രോളിനാവട്ടെ പടിപടിയായുള്ള വർദ്ധനവിന്റെ ഭാഗമായി ഇന്നലെ മുപ്പത് പൈസ വർദ്ധിച്ച് വില 85 രൂപയിലെത്തി. രണ്ട് വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഡീസലിന് 27 പൈസ ഉയർന്ന് 80ന് അടുത്തെത്തി. പതിനാറ് ദിവസത്തിനിടെ പതിനാല് തവണയാണ് ഇന്ധനവില ഉയർന്നത്.

വിറക് അടുപ്പിലേക്ക് തിരികെ പോണം

കൊവിഡിന് മുമ്പ് ശിങ്കാരി മേളം പരിപാടികൾ വഴി ലഭിച്ചിരുന്ന

വരുമാനമുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ തൊഴിലുറപ്പ് മാത്രമാണ് ആശ്രയം. ഈ പ്രതിസന്ധി ഘട്ടത്തിലാണ് ഇത്തരം വിലക്കയറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നത്. വീട്ടുജോലികൾ എല്ലാം ഒതുക്കി വേണം പണിക്ക് കയറാൻ. പഴയത് പോലെ വിറക് അടുപ്പിലേക്ക് തിരികെ പോകേണ്ട സ്ഥിതിയിലാണിപ്പോൾ

- ബീന സൈജു, തൊഴിലുറപ്പ് തൊഴിലാളി, ചേർത്തല

സാധാരണക്കാരുടെ നടുവൊടിക്കും

പാചക വാതകം,പെട്രോൾ വില വർദ്ധനവ് സാധാരണക്കാരന്റെ നടുവൊടിക്കുന്നതാണ്. കൊവിഡ് കാല പൊതുഗതാഗത നിയന്ത്രണങ്ങൾ കാരണം പലപ്പോഴും ദൂരയാത്രയ്ക്കു പോലും സ്വന്തം വണ്ടി ഉപയോഗിക്കേണ്ടി വരുന്നു. അടിക്കടിയുള്ള വില വർദ്ധന എന്നെപ്പോലെയുള്ളവരുടെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിക്കുന്നതാണ്

- ജി.ഹരികൃഷ്ണൻ, ആര്യാട്

കണക്കുകൂട്ടൽ പിഴയ്ക്കും

ഒരു കുടുംബത്തിന്റെ സന്തുലിതാവസ്ഥ തകർക്കുന്നതാണ് തുടർച്ചയായുള്ള വിലക്കയറ്റം. അതിപ്പോൾ പാചകവാതകത്തിനായാലും പച്ചക്കറിക്കായാലും ഞങ്ങൾ വീട്ടമ്മമാരുടെ എല്ലാ കണക്കുകൂട്ടലും പിഴയ്ക്കും. ഇനിയെങ്കിലും വില കൂടരുതെന്നാണ് പ്രാർത്ഥന

- രമ ബാബു, വീട്ടമ്മ, ആലപ്പുഴ

പാവപ്പെട്ടവന്റെ നെഞ്ചിൽ ആണി അടിയ്ക്കുന്നു

കൊവിഡ് കാലത്ത് പോലും പാചക വാതകത്തിന് വിലകൂട്ടിയത് പാവപ്പെട്ടവന്റെ നെഞ്ചിൽ ആണി അടിക്കുന്നതിനു തുല്യമായ പ്രവൃത്തിയാണ്. സമ്പത്ത് വ്യവസ്ഥ തിരിച്ചു പിടിക്കാൻ എത്രയോ മാർഗങ്ങൾ വേറെ ഉണ്ട്. കൊവിഡ് ഭയന്നാണ് പലപ്പോഴും പൊതുഗതാഗതം വിട്ട് സ്വകാര്യ വാഹനം ഉപയോഗിക്കുന്നത്. വില ഇങ്ങനെ ഉയർന്നാൽ സാധാരണക്കാരുടെ അത്യാവശ്യ യാത്രകൾ പോലും വഴിമുട്ടും

- ശ്യാം ശങ്കർ, ചാത്തനാട്