136 പേർക്ക് അജ്ഞാത സാങ്കേതിക തടസം
ആലപ്പുഴ: പെൻഷനു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിനെത്തുടർന്ന്, ജീവിതം കുരുങ്ങിപ്പിണഞ്ഞ കയറുപോലെയായ കയർ സഹകരണ സംഘം റിട്ട. ജീവനക്കാരിൽ ഒരു വിഭാഗത്തെ പെൻഷൻ ബോർഡ് ആശിപ്പിച്ച് വലയ്ക്കുന്നു. പെൻഷന് അർഹതയുള്ള 364 പേരിൽ 136 പേരാണ് ഒരു വർഷത്തോളമെത്തുന്ന കാത്തിരിപ്പ് തുടരുന്നത്.
പ്രതിമാസം 3000 രൂപ പെൻഷൻ അനുവദിക്കാൻ സർക്കാർ ഉത്തരവായത് കഴിഞ്ഞ ജനുവരിയിലാണ്. ഇതിനായി 5.19 കോടി രൂപ സർക്കാർ പെൻഷൻ ബോർഡിൽ അടയ്ക്കുകയും ചെയ്തു. ഇതോടെ, പെൻഷൻ തുക അക്കൗണ്ടിലേക്ക് ഇന്നുവരും നാളെ വരും എന്നുള്ള കാത്തിരിപ്പിലായി ഈ വയോജനങ്ങൾ. പ്രതീക്ഷയ്ക്കു മേൽ നിരാശ ഇഴപാകാൻ തുടങ്ങുന്നതിനിടെ കഴിഞ്ഞ ഓണക്കാലത്ത് 50ൽ താഴെ ആളുകളുടെ അക്കൗണ്ടിൽ മാത്രമായി പണമെത്തി. നിവേദനങ്ങളുമായി പെൻഷൻകാർ ഓഫീസുകൾ കയറിയിറങ്ങിയതോടെ 160 പേർക്ക് ആഗസ്റ്റ് മുതലുള്ള പെൻഷൻ അനുവദിച്ചു. അക്കൗണ്ടിൽ പണവുമെത്തി.
പെൻഷൻ ബോർഡ് പാസാക്കി പുറത്തിറക്കിയ ലിസ്റ്റിൽ ഉൾപ്പെടാതെ 136 പേർ ഇനിയും കാത്തിരിപ്പിലാണ്. ഭൂരിഭാഗം പേർക്കും വയസ് 70നു മുകളിലെത്തി. കാൻസർ ഉൾപ്പെടെ കടുത്ത രോഗങ്ങൾ ഉള്ളവരുമുണ്ട് കൂട്ടത്തിൽ. ലഭിക്കുന്ന തുകയ്ക്ക് മുൻകാല പ്രാബല്യമില്ല. തുക പാസാകുന്ന മാസം മുതലുള്ള പെൻഷന് മാത്രമേ അവകാശമുള്ളു. അതുകൊണ്ടുതന്നെ വൈകുന്തോറും പെൻഷൻകാർക്ക് പണനഷ്ടമുണ്ടാകും. മെഡിക്കൽ, ഫെസ്റ്റിവൽ അലവൻസുകളുമില്ല.
ഒതുക്കത്തിലൊരു പ്രഹരം
ഇതിനിടെ തിരിച്ചടി കിട്ടിയത് കോൺട്രിബ്യൂഷൻ അടച്ച് പെൻഷൻ കൈപ്പറ്റിക്കൊണ്ടിരുന്ന തൊഴിലാളികൾക്കാണ്. മെഡിക്കൽ, ഫെസ്റ്റിവൽ അലവൻസ് ഉൾപ്പടെ ഇവർക്ക് 3000 രൂപ കിട്ടിക്കൊണ്ടിരുന്നത് 1820 രൂപയാക്കി. ഒരാൾക്ക് 1,50,000 രൂപ കോൺട്രിബ്യൂഷൻ ഇനത്തിൽ കണക്കാക്കിയാണ് തുക അടച്ചിരിക്കുന്നത്. എന്നാൽ സ്വയം കോൺട്രിബ്യൂഷൻ അടച്ച് പെൻഷൻ കൈപ്പറ്റിയിരുന്നവരാവട്ടെ പരമാവധി 70,000 രൂപവരെയാണ് അടച്ചിരിക്കുന്ന തുക. കോൺട്രിബ്യൂഷൻ ഇനത്തിൽ പ്രകടമാകുന്ന ഈ വ്യത്യാസം മുതലാക്കിയാണ് പെൻഷൻ ബോർഡ് പലരുടെയും തുക പകുതിയായി വെട്ടിച്ചുരുക്കിയതെന്ന് പെൻഷൻകാർ ആരോപിക്കുന്നു.
പെൻഷൻ വിതരണത്തിനുള്ള മുഴുവൻ പണവും സർക്കാരിൽ നിന്ന് കൈപ്പറ്റിയിട്ടും പെൻഷൻ ബോർഡ് കെടുകാര്യസ്ഥത തുടരുകയാണ്. ജീവനക്കാരായിരുന്ന കാലത്ത് തുച്ഛമായ വേതനം മാത്രം കൈപ്പറ്റിയിരുന്നവരാണ് ഞങ്ങൾ. ഇനിയും ഞങ്ങളെ ദ്രോഹിക്കുന്ന സമീപനം തുടരരുത്. ഒരേ ആക്ടിനും റൂളിനും കീഴിൽ പ്രവർത്തിച്ചവരോടാണ് വ്യത്യസ്ത സമീപം സ്വീകരിക്കുന്നത്
റിട്ട. കയർ കോ- ഓപ്പറേറ്റിവ് എംപ്ലോയിസ് അസോസിയേഷൻ