 ആയുർവേദ അസോസിയേഷനും ഐ.എം.എയും നേർക്കുനേർ

ആലപ്പുഴ: ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ കേന്ദ്രസർക്കാർ നൽകിയ അനുമതിക്കെതിരെ പ്രത്യക്ഷ സമരവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും അനുകൂലിച്ച് ആയുർവേദ മെഡിക്കൽ അസോസിയേഷനും രംഗത്തെത്തിയതോടെ ആരോഗ്യമേഖലയിൽ വിവാദം കനക്കുന്നു. അലോപ്പതിയും ആയുർവേദവും കൂട്ടിക്കുഴയ്ക്കുന്നത് രോഗികളുടെ ജീവന് ഭീഷണിയാകുമെന്നും ആയുർവേദ ഡോക്ടർമാർ അവരുടേതായ ശസ്ത്രക്രിയാ രീതികൾ വികസിപ്പിക്കട്ടെയെന്നുമാണ് ഐ.എം.എയുടെ നിലപാട്.

പ്രായോഗിക പരിശീലനം നേടിയശേഷം 34 തരം ശസ്ത്രക്രിയകൾ ആയുർവേദ ഡോക്ടർമാർക്ക് നടത്താമെന്നാണ് കേന്ദ്ര സർക്കാരിന്റെ ഉത്തരവ്. ശസ്ത്രക്രിയയ്ക്ക് സമാനമായ 19 ഇനം ചികിത്സയ്ക്കും അനുമതിയുണ്ട്. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയിൽ പരിശീലനം നൽകില്ലെന്ന നിലപാടിലാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അനുമതിക്കെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നും അസോസിയേഷൻ വ്യക്തമാക്കി. പരമ്പരാഗത ചികിത്സ നിലനിറുത്തുന്നതോടൊപ്പം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആയുർവേദ ചികിത്സ വിപുലമാക്കുന്നതാണ് കേന്ദ്ര സർക്കാർ തീരുമാനമെന്നും നിരവധി സംസ്ഥാനങ്ങളിൽ ദന്തൽ, ഗൈനക്ക്, തിമിര ശസ്ത്രക്രിയകൾ ആയുർവേദ ആശുപത്രികളിൽ നടക്കുന്നുണ്ടെന്നും ആയുർവേദ മെഡിക്കൽ അസോസിയേഷൻ വാദിക്കുന്നു. തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സർജറി തീയറ്ററും ആയുർവേദ പ്രസവാശുപത്രിയും 25 വർഷം മുമ്പുമുതൽ പ്രവർത്തിക്കുന്നുണ്ടെന്നും ഡോക്ടർമാർ പറയുന്നു.

 എല്ലാവർക്കും അമതിയില്ല

ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ (പോസ്റ്റ് ഗ്രാജ്വേറ്റ് ആയുർവേദ എഡ്യൂക്കേഷൻ) റെഗുലേഷൻ 2016ൽ ഭേദഗതി ചെയ്താണ് കേന്ദ്രം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ ശസ്ത്രക്രിയ പഠനവും ഉൾപ്പെടുത്തിയത്. എന്നാൽ എല്ലാ ആയുർവേദ ഡോക്ടർമാർക്കും ശസ്ത്രക്രിയ നടത്താനുള്ള അനുമതി കൊടുത്തിട്ടില്ല. ശല്യതന്ത്രം, ശാലക്യതന്ത്രം, പ്രസൂതി തന്ത്രം എന്നീ വിഷയങ്ങൾ പഠിച്ച വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം കഴിഞ്ഞാൽ മാത്രമേ ശസ്ത്രക്രിയ നടത്താൻ അനുമതി ലഭിക്കൂ.

...........................

എല്ലാ ചികിത്സാ വിഭാഗങ്ങളും സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചികിത്സ നടത്തുന്നതിൽ തെറ്റില്ല. പല ആയുർവേദ കോഴ്സുകളിലും ശസ്ത്രക്രിയ ഉൾപ്പെട്ടിട്ടുണ്ട്

ഡോ. വിഷ്ണു നമ്പൂതിരി, എറണാകുളം സോൺ പ്രസിഡന്റ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ

........................

രാജ്യത്ത് ഒറ്റചികിത്സാ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താനുള്ള കേന്ദ്ര തീരുമാനം. ആയുർവേദ ചികിത്സാരീതിയെ ബഹുമാനിക്കുന്നു. അത് പാരമ്പര്യമായി നിലനിറുത്തി പോകണം. ഭാവിയിൽ മോഡേൺ ചികിത്സാ സംവിധാനംതന്നെ ഇല്ലാതാകും

ഡോ. പി.ടി.സക്കറിയ, സംസ്ഥാന പ്രസിഡന്റ്, ഇന്ത്യൻ മെഡിക്കൽ അസോ.