s

349 പ്രശ്നബാധിത ബൂത്തുകൾ


ആലപ്പുഴ : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സുരക്ഷ ഉറപ്പാക്കാൻ ജില്ലയിൽ പൊലീസ് സേന സജ്ജം. ഇന്നും വോട്ടെണ്ണൽ ദിവസവും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാനും പ്രശ്‌നബാധിത മേഖലയിൽ കൂടുതൽ സുരക്ഷ ഒരുക്കാനുമാണ് ജില്ലാ പൊലീസ് നേതൃത്വം രൂപരേഖ തയ്യാറാക്കിയത്. ഇന്നലെ പ്രശ്ന ബാധിത ബൂത്തുകൾ പ്രവർത്തിക്കുന്ന കുട്ടനാട് ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ ജില്ലാ പൊലീസ് മേധാവി പി.എസ്.സാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സന്ദർശിച്ചു.

സേനയുടെ സഹായത്തിനായി സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരെ നിയമിച്ചു. ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി 5000ഉദ്യോഗസ്ഥരാണ് നിയമിച്ചത്. ഇതിൽ 2350 പേർ ജില്ലയിലെ ഉദ്യോഗസ്ഥരാണ്. 720 സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരുമുണ്ട്. ശേഷിച്ച ഉദ്യോഗസ്ഥരെ അന്യജില്ലകളിൽ നിന്നാണ് നിയമിച്ചത്. ജില്ലയിൽ 349 പ്രശ്‌നബാധിത ബൂത്തുകളിൽ നിരീക്ഷണ കാമറ സ്ഥാപിക്കും. മാരാരിക്കുളം, ഹരിപ്പാട്, കൈനകരി, മാവേലിക്കര അടക്കമുള്ള ബൂത്തുകളിൽ സായുധരായ അഡീഷണൽ പൊലീസ് സംഘത്തെ നിയമിച്ചു. ഇതിന് പുറമേ വാഹനത്തിലും ബോട്ടുകളിലും പ്രത്യേക പട്രോളിംഗ് നടത്തും.

പട്രോളിംഗ് സംഘവും സ്‌ട്രൈക്കിംഗ് ഫോഴ്‌സും

മുൻ തിരഞ്ഞെടുപ്പുകളെ പോലെ ഒരു ബൂത്ത് മാത്രമാണെങ്കിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും രണ്ട് ബൂത്തുകൾ ഉള്ള സ്ഥലങ്ങളിൽ ഒരു പൊലീസുകാരനും ഒരു സ്‌പെഷ്യൽ പൊലീസ് ഓഫീസറുമായിരിക്കും ഡ്യൂട്ടിയിൽ. ബൂത്തുകൾ രണ്ടിൽ കൂടുതലാണെങ്കിൽ സ്‌പെഷ്യൽ ഫോഴ്‌സിനെ നിയമിക്കും. 141ഗ്രൂപ്പ് പട്രോളിംഗ് സംഘവും എസ്.പി, എട്ട് ഡിവൈ എസ്.പി മാരുടെ നേതൃത്വത്തിൽ സ്‌ട്രൈക്കിംഗ് ഫോഴ്‌സും സജ്ജമായി. 13 ബൂത്തുകൾക്ക് ഒരു എസ്.ഐയും നാലുപോലീസുകാരും ഉൾപ്പെടുന്ന പ്രത്യേക മുഴുവൻ സമയ സ്‌ക്വാഡും 20 പട്രോളിംഗ് ഗ്രൂപ്പും പ്രശ്‌നബാധിത ബൂത്തുകളിൽ അഡിഷണൽ ഫോഴ്‌സും ഉണ്ടാകും.

ആകെ പൊലീസ് ഉദ്യോഗസ്ഥർ-5000

ജില്ലയിലുള്ള ഉദ്യോഗസ്ഥർ - 2350

സ്‌പെഷ്യൽ പൊലീസ് ഓഫീസർ-720

അന്യജില്ലയിൽ നിന്നുള്ള ഉദ്യോഗസ്ഥർ -2000