s

ആലപ്പുഴ: ജില്ലയിലെ തദ്ദേശസ്ഥാപങ്ങളിൽ തങ്ങളുടെ പ്രതിനിധികളായി ആരൊക്കെയുണ്ടാവണമെന്ന് ഇന്ന് ആലപ്പുഴക്കാർ വിധിയെഴുതും. കൊവിഡിനെ ഒരു വശത്തേക്ക് ഒതുക്കി നിറുത്തി, ഒരു മാസത്തോളം നീണ്ട പ്രചാരണ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വതന്ത്രരും മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ ഇഴകീറി പരിശോധിച്ച വോട്ടർമാർ ഇന്നു രാവിലെ ബൂത്തുകളിലേക്കെത്തുമ്പോൾ നെഞ്ചിടിപ്പോടെ അവിടങ്ങളിലുണ്ടാവും നേതാക്കളും സ്ഥാനാർത്ഥികളുമൊക്കെ.

വിവിധ വിവാദങ്ങളിൽ നിറങ്ങുനിൽക്കുന്ന സംസ്ഥാന രാഷ്ട്രീയവും വേലി പ്രശ്നമടക്കമുള്ള പ്രാദേശിക സംഭവങ്ങളും സ്ഥാനാർത്ഥിത്വം കിട്ടാത്തവർ സ്വതന്ത്ര വേഷത്തിൽ നാടുനീളെ വിളമ്പിയ വൈകാരിക വിഷയങ്ങളും കൂടിക്കുഴയുന്ന തദ്ദേശ തിരഞ്ഞെടുപ്പിനെ, അധികം വൈകാതെ കടന്നുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സെമി ഫൈനലായിട്ടാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ തങ്ങളുടെ സ്ഥാനാർത്ഥിയുടെ വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാൻ പോലുമാവാത്ത അവസ്ഥ.

തലങ്ങും വിലങ്ങും വിഹരിക്കുന്ന കൊവിഡിനെ ഭയന്ന് വോട്ടർമാർ ബൂത്തിലെത്താതിരിക്കുമോ എന്ന ആശങ്ക പാർട്ടി പ്രവർത്തകർക്കുണ്ട്, പ്രത്യേകിച്ചും വയോധികരായ വോട്ടർമാർ. കൊവിഡ് മാനദണ്ഡങ്ങൾ പലിച്ചാൽ ഭയമില്ലാതെ എല്ലാവർക്കും വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആത്മവിശ്വാസം പകരുന്നുണ്ടെങ്കിലും അത്ര സുഖകരമല്ല കാര്യങ്ങൾ. കൊവിഡ് നിരീക്ഷണത്തിലുള്ളവർക്ക് പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. എങ്കിലും വോട്ടർമാർ 'റിസ്ക്' ഏറ്റെടുക്കാൻ എത്രത്തോളം തയ്യാറാകുമെന്ന് പ്രവചിക്കാനാവില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം.

 ജി​ല്ലയി​ലെ ആകെ വോട്ടർമാർ: 17,82,587

 സ്ത്രീകൾ: 9,43,588

 പുരുഷന്മാർ: 8,38,988

 പുതിയ വോട്ട‌ർമാർ: 52,885

 ട്രാൻസ് ജെൻഡർ: 11

 ഗ്രാമപഞ്ചായത്തുകളിൽ പുതിയ വോട്ടർമാർ: 43567

സുരക്ഷ നിർബന്ധം

 ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും സാനിട്ടൈസർ ഉപയോഗിക്കണം

 തിരിച്ചറിയൽ രേഖ ബോദ്ധ്യപ്പെടുത്തണം
 മാസ്‌ക് നിർബന്ധം, തിരിച്ചറിയൽ വേളയിൽ മാത്രം ആവശ്യമെങ്കിൽ മാസ്‌ക് മാറ്റണം

 കൊവിഡ് പൊസി​റ്റീവ് സ്ഥിരീകരി​ച്ചവർ പി.പി.ഇ കിറ്റ് ധരിക്കണം