 11ന് ഡോക്ടർമാരുടെ പണിമുടക്ക്

ആലപ്പുഴ: ആയുർവേദ ഡോക്ടർമാർക്ക് സർജറി നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ആശുപത്രികൾക്ക് മുന്നിൽ ഇന്ന് ധർണ നടത്തുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി.സക്കറിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 12മുതൽ രണ്ട് മണിവരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലയിൽ 20 കേന്ദ്രങ്ങളിലാണ് ധർണ. 11ന് രാവിലെ ആറുമുതൽ വൈകിട്ട് ആറുമണിവരെ സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലിചെയ്യുന്ന ഡോക്ടർമാർ പണിമുടക്കും. അത്യാഹിത വിഭാഗത്തിലെ സേവനം, കൊവിഡ് രോഗികൾക്കുള്ള ചികിത്സ എന്നിവ മുടങ്ങില്ല. തുടർ സമരം പിന്നീട് തീരുമാനിക്കും. ജില്ലാ പ്രസിഡന്റ് ഡോ. എ.പി.മുഹമ്മദ്, ജനറൽ സെക്രട്ടറി ഡോ. എം.മനീഷ് നായർ, ഡോ. മദനമോഹനൻ നായർ(ബാബു) എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.