
ആലപ്പുഴ: നഗരത്തിലൂടെ ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിയിൽനിന്ന് പെട്രോൾ ചോർന്നത് പരിഭ്രാന്തി പരത്തി. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും സമയോചിത ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. എറണാകുളത്തുനിന്ന് പന്തളത്തെ സ്വകാര്യ പെട്രോൾ പമ്പിലേക്ക് ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കറിൽ നിന്ന് ആലപ്പുഴ കണ്ണൻവർക്കി പാലത്തിന് സമീപത്തുവച്ചാണ് പെട്രോൾ ചോർന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേക്കും പെട്രോൾ വലിയ അളവിൽ ചോർന്നിരുന്നു. 12,000 ലിറ്റർ ടാങ്കിൽ 4000 ലിറ്റർ പെട്രോളും 8000 ലിറ്റർ ഡീസലുമുണ്ടായിരുന്നു. തൊട്ടടുത്ത കടയിൽനിന്ന് വാങ്ങിയ എംസീൽ, ഫയർഫോഴ്സിന്റെ കൈവശമുണ്ടായിരുന്ന റബർ ഷീറ്റ്, സേനയുടെ ഹോസ് എന്നിവയുപയോഗിച്ച് ചോർച്ചയുടെ അളവ് നിയന്ത്രിച്ചു. തുടർന്ന് ചോർച്ച ഭാഗത്ത് ബക്കറ്റ് കെട്ടിവച്ച് വഴിച്ചേരിയിലെ സിവിൽ സപ്ളൈസ് പമ്പിലെത്തിച്ചെങ്കിലും പ്രീമിയം പെട്രാേൾ സ്വീകരിക്കാൻ സൗകര്യമില്ലാത്തതിനാൽ ആ ശ്രമം പരാജയപ്പെട്ടു. പിന്നീട് ജനറൽ ആശുപത്രി ജംഗ്ഷനിലെ ഇന്ത്യൻ ഓയിൽ പമ്പിലെച്ചു.
ഒ.ടി.പി സംവിധാനത്തിൽ പ്രവർത്തിക്കുന്ന പൂട്ട് ആയതിനാൽ വീണ്ടും പ്രതിസന്ധിയായി. പിന്നീട് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് മുറിക്കുകയായിരുന്നു. തീപ്പൊരിയുണ്ടാകാതിരിക്കാൻ ഫോമും വെള്ളവുമുപയോഗിച്ച് ശ്രദ്ധാപൂർവമായിരുന്നു പ്രവൃത്തി. തുടർന്നാണ് ഇന്ധനം പമ്പിൽ ശേഖരിച്ചത്. ശേഷം പമ്പ് മുഴുവൻ ഫോം അടിച്ച് സുരക്ഷ ഉറപ്പാക്കിയാണ് സേന മടങ്ങിയത്.
 തീപ്പൊരി പോലും ഭയന്ന്
ചെറിയ തീപ്പൊരി പോലും വൻ അപകടത്തിനിടയാക്കുന്ന സാഹചര്യമായിരുന്നെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. ആലപ്പുഴ സൗത്ത് പൊലീസും മുഴുവൻ സമയവും സഹായവുമായി ഒപ്പമുണ്ടായിരുന്നു. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ഡി. ബൈജുവിന്റെ നേതൃത്വത്തിൽ എ.എസ്.ടി.ഒ ആർ. ഗിരീഷ്, സീനിയർ ഫയർ ഓഫീസർ സലിംകുമാർ, ഫയർ ഓഫീസർമാരായ അനീഷ്, സാലിസ്, അർജുൻ, സി.കെ. വിഷ്ണു, സുജിത്, ജയകൃഷ്ണൻ, അനിൽരാജ്, ബിനു, ശെൽവൻ, അഭിലാഷ് ശേഖർ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.