 
ആലപ്പുഴ: അറിയിച്ചിരുന്ന സമയത്തിന് മുമ്പേ പോളിംഗ് ബൂത്തിലെത്തി വോട്ടുചെയ്ത ധനമന്ത്രി തോമസ് ഐസക്ക് മാദ്ധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ കടന്നു. രാവിലെ 10ന് എസ്.ഡി.വി ബോയ്സ് എച്ച്.എസ്.എസിലെ ബൂത്തിൽ വോട്ട് ചെയ്യുമെന്നാണ് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചിരുന്നത്.
തിരുവനന്തപുരത്ത് നിന്നുവന്ന അദ്ദേഹം 9ന് വോട്ട് രേഖപ്പെടുത്തിയശേഷം നേരെ എറണാകുളത്തേക്ക് പോവുകയും ചെയ്തു.
മന്ത്രിയുടെ ഓഫീസ് പോളിംഗ് ബൂത്ത് നിൽക്കുന്ന വാർഡിലല്ലെന്ന് യു.ഡി.എഫ് പോളിംഗ് ഏജന്റ് ആക്ഷേപം ഉന്നയിച്ചു. വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ള സ്ഥിതിക്ക് തനിക്ക് വോട്ടവകാശമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടിയതോടെ പോളിംഗ് ഏജന്റ് പിൻവാങ്ങി. പോളിംഗ് ട്രെൻഡ് വച്ച് മാത്രം ഫലം പ്രവചിക്കുന്ന കാലം മാറിയെന്നും ആകെയുള്ള ട്രെൻഡ് ഇടതുപക്ഷത്തിന് അനുകൂലമാണെന്നും തോമസ് ഐസക്ക് പിന്നീട് 'കേരളകൗമുദി'യോട് പറഞ്ഞു.