polling-agents

ആലപ്പുഴ: നഗരസഭ പള്ളാത്തുരുത്തി വാർഡിലെ പോളിംഗ് സ്റ്റേഷനായ ജനഹിതം വായനശാലയിൽ സ്ഥലപരിമിതി മൂലം വോട്ടർമാരും ബൂത്ത് ഏജന്റുമാരും ഉദ്യോഗസ്ഥരും വലഞ്ഞു. മോട്ടോർ തറയ്ക്കു മുകളിൽ സ്ഥിതി ചെയ്യുന്ന ഒറ്റ മുറി വായനശാലയിൽ എല്ലാവർക്കും കൂടി ഇരിക്കാൻ സ്ഥലമില്ലാത്തതിനാൽ പുറത്ത് ടർപ്പോളിൻ ഷീറ്റ് വലിച്ചുകെട്ടി അതിനുള്ളിലാണ് രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാർ ഇരുന്നത്. അകത്തിരിക്കുന്ന പോളിംഗ് ഓഫീസർ ഉറക്കെ വിളിച്ച് പറയുന്ന ക്രമനമ്പർ പുറത്തിരുന്ന് കേട്ടാണ് ഏജന്റുമാർ വോട്ടഴ്സ് ലിസ്റ്റ് പരിശോധിച്ചത്. കാലാവസ്ഥ അനുകൂലമായതും ഇവിടുത്തെ വോട്ടർമാർക്ക് അനുഗ്രഹമായി. മഴ പെയ്താൽ നനയാതെ കയറി നിൽക്കാൻ യാതൊരു സൗകര്യങ്ങളും ബൂത്തിലോ പരിസരപ്രദേശത്തോ ഇല്ലായിരുന്നു. ഇനി വരുന്ന തിരഞ്ഞെടുപ്പുകളിലെങ്കിലും തങ്ങൾക്ക് ശ്വാസം മുട്ടാതെ നിന്ന് വോട്ടു ചെയ്യാൻ കഴിയുന്ന പോളിംഗ് സ്റ്റേഷൻ അനുവദിക്കണമെന്നാണ് വോട്ടർമാരുടെ അപേക്ഷ.