
ആലപ്പുഴ: കൊവിഡ് മാനദണ്ഡങ്ങൾ വലിയ 'കേടുപാടുകളി'ല്ലാതെ പാലിച്ചുകൊണ്ടു നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളും വോട്ടർമാരും പക്വത കൈവിടാതിരിക്കാൻ വല്ലാതെ പാടുപെട്ടു. 'സാമൂഹിക അകലം' പല ബൂത്തുകളിലും വെല്ലുവിളിയായി. രാവിലെ നല്ല തിരക്കാണ് വോട്ടിംഗ് കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത്. ഉച്ചയോടെ അല്പം മന്ദഗതിയായി. ഉച്ചയ്ക്കു ശേഷം 'കൊവിഡ്' ബാധിതരുടെ സാന്നിദ്ധ്യമുണ്ടാവാനുള്ള സാദ്ധ്യത അറിഞ്ഞതോടെ വീണ്ടും തിരക്കായി.
നിയന്ത്രണങ്ങൾക്കിടയിലും വോട്ടവകാശം വിനിയോഗിക്കാൻ സമ്മതിദായകർ ആവേശത്തോടെ എത്തിയത് സ്ഥാനാർത്ഥികളിലും പ്രവർത്തകരിലും നെഞ്ചിടിപ്പുകൂട്ടി.
അമ്മവേഷമിട്ട് സ്ഥാനാർത്ഥി
വോട്ടു ചെയ്യാനെത്തിയ യുവതിയുടെ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ അര മണിക്കൂറോളം താലോലിച്ചുനിന്ന സ്ഥാനാർത്ഥി ബൂത്തിനു മുന്നിലെ കൗതുക കാഴ്ചയായി. ഗുരുമന്ദിരം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി രമ്യാ സുർജിത്താണ് കുട്ടിയുടെ അമ്മയ്ക്ക് വോട്ട് ചെയ്യാനുള്ള സാവകാശം ഒരുക്കാനായി തത്കാലത്തേക്ക് അമ്മവേഷമിട്ടത്.
രാവിലെ 11.45ഓടെയാണ് വെളിയിൽ വീട്ടിൽ റീന കുഞ്ഞുമായി ബൂത്തിൽ എത്തിയത്. ഗുരുമന്ദിരം വാർഡിലെ രണ്ടാം നമ്പർ പോളിംഗ് ബൂത്ത് പ്രവർത്തിച്ച എസ്.എൻ.ഡി.പി യോഗം കുതിരപ്പന്തി വാടയ്ക്കൽ വടക്ക് 398-ാം നമ്പർ ശാഖായോഗം വക സ്കൂളിന്റെ പ്രധാന കവാടത്തിന് മുന്നിൽ മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികളും വോട്ട് ചോദിച്ച് നിലയുറപ്പിച്ചിരുന്നു. കൊവിഡ് മാനദണ്ഡ പ്രകാരം കുഞ്ഞുമായി ബൂത്തിലേക്ക് കടക്കാൻ അനുവാദമില്ല. ഇതോടെ രമ്യ സുർജിത്തിനെ കുട്ടിയെ ഏല്പിച്ച ശേഷം റീന വോട്ട് ചെയ്യാൻ ബൂത്തിലേക്ക് പോയി. 12.15ന് മടങ്ങിയെത്തും വരെ കുട്ടിയുമായി രമ്യ ബൂത്തിന് മുന്നിൽ നിന്നു.
അകലം അലങ്കോലം
കൊവിഡിനെ 'ബഹുമാനി'ക്കാനുള്ള സാമൂഹിക അകലത്തിന്റെ രേഖപ്പെടുത്തലുകൾ പലേടത്തും പകൽ നേരത്തെ കനത്ത വെയിലിലും നേരിയ മഴയിലും തകിടം മറിഞ്ഞു. കൃത്യമായ അകലം സൂചിപ്പിച്ചുകൊണ്ട് വൃത്താകൃതിയിലെ അടയാളങ്ങളിൽ വെയിൽ ഇല്ലാത്ത നേരം ആളുകൾ മനസില്ലാ മനസോടെ നിന്നു. പത്തുമണി കഴിഞ്ഞതോടെ വെയിലും ചൂടും കനത്തു. ഇതോടെ പലരും അരികിലേക്കും പിന്നിലേക്കും മാറാൻ തുടങ്ങിയതോടെ ക്യൂ അലങ്കോലമാവുന്ന അവസ്ഥയായി. ബൂത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ഒന്നും പറയാനാവാത്ത അവസ്ഥ. എങ്കിലും ബഹളങ്ങളില്ലാതെ വെയിലിനെ മറികടക്കാൻ ഈ ഒത്തൊരുമയിലൂടെ കഴിഞ്ഞു.
'ഇഴഞ്ഞു' വന്ന ഓട്ടോ
തെക്കൻ മേഖലയിലെ ഒരു ബൂത്തിനു മുന്നിൽ നിലയുറപ്പിച്ചിരു സ്ഥാനാർത്ഥി, സ്വന്തമെന്നുറപ്പിച്ച 'വയോധിക' വോട്ടുകൾ ബൂത്തിലെത്തിക്കാൻ കാലേകൂട്ടി ചട്ടം കെട്ടിയിരുന്ന ഓട്ടോക്കാരൻ ചതിച്ചു. ഒരു കുടുംബത്തിലെ ആറു വേട്ടുകൾ താൻ പറയുന്ന സമയം രണ്ടു തവണയായി ബൂത്തിലെത്തിക്കാനാണ് പറഞ്ഞുറപ്പിച്ചിരുന്നത്. പക്ഷേ, വിളിച്ചപ്പോഴൊന്നും ഡ്രൈവർ പരിധിയിലില്ല. ഇതിനിടെ, ഇതേ വീട്ടിലെ മൂന്നുപേരുമായി എതിർപക്ഷത്തെ ചെറുപ്പക്കാരൻ ഇതേ ഓട്ടോയിൽ ബൂത്തിനു മുന്നിൽ വന്നിറങ്ങിയതോടെ സ്ഥാനാർത്ഥി കലിപ്പായി. വൃദ്ധരായ വോട്ടർമാർ ചെറുപ്പക്കാരന്റെ കൈപിടിച്ച് ബൂത്തിലേക്കു നടന്നു തുടങ്ങി. വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്നതിനെപ്പറ്റി ഓട്ടോറിക്ഷക്കാരനോടു ചോദിച്ചപ്പോൾ ലഭിച്ച 'മറുപടി' ലേശം ഇഴയുന്നതു കണ്ടപ്പോൾ കാര്യം വ്യക്തമായി!
മാസ്ക് ചതിച്ചാശാനേ...
'വെള്ളിമൂങ്ങ' സിനിമയിൽ പാഷാണം ഷാജി അവസാന നിമിഷം വോട്ട് ചെയ്യാനെത്തി അലമ്പുണ്ടാക്കിയതിനു സമാന സംഭവം തോട്ടപ്പള്ളി മേഖലയിലെ ഒരു ബൂത്തിലുണ്ടായി. തലേന്നു രാത്രി മുതൽ ചില പ്രവർത്തകരെയും ആടി നിൽക്കുന്ന വോട്ടർമാരെയും 'സ്വാധീനി'ക്കാൻ ചുമതലപ്പെടുത്തിയിരുന്നത് രണ്ടു പേരെയാണ്. ഇക്കാര്യത്തിൽ തഴക്കവും പഴക്കവുമുള്ള രണ്ടുപേർ. ഏറ്റവും അവസാനം മാത്രമേ വോട്ടു ചെയ്യാവൂ എന്ന് ഇരുവരോടും നേതാക്കൾ പറയുകയും ചെയ്തിരുന്നു. പക്ഷേ, ഉച്ച കഴിഞ്ഞതോടെ 'അഭ്യുദയകാംക്ഷി'കളുടെ എണ്ണം കൂടി. ഇതോടെ കേന്ദ്രത്തിൽ തിരക്കായി. ഇതിനിടെ സമയം പോവുന്നത് രണ്ടുപേരും ഓർത്തതുമില്ല. ഒടുവിൽ എല്ലാമൊന്നൊതുക്കി ബൂത്തിലേക്കിറങ്ങിയപ്പോൾ വോട്ടെടുപ്പിന്റെ അവസാന നിമിഷങ്ങളായി. കയ്യിൽ കിട്ടിയ മാസ്കും ധരിച്ച് ബൂത്തിലേക്കു പാഞ്ഞു. അവസാന ആളെയും കടത്തിവിടാനുള്ള സമയത്ത് രണ്ടുപേരുമെത്തിയപ്പോൾ പൊലീസ് തടഞ്ഞു. കാരണം തിരക്കിയപ്പോൾ മാസ്കാണ് വിഷയം. മാസ്കിലുണ്ടായിരുന്നു പാർട്ടി ചിഹ്നം, തലേന്നു രാത്രിവരെ വച്ചുകൊണ്ടു നടന്നത്! മറ്റൊരു മാസ്ക് വച്ചുകൊണ്ടു വരാനുള്ള സമയവും ഉണ്ടായിരുന്നില്ല.